ബെംഗളൂരു: സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ സഭാ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി രംഗത്ത്. ബോംബെ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിൾ സൽദാനയാണ് സഭക്കെതിരെ രംഗത്ത് വന്നത്. വിഷയത്തിൽ സിസ്റ്റർ ലൂസിക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നും സൽദാന അറിയിച്ചു.
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് എതിരായ കത്ത് വ്യാജമാണോ യഥാർത്ഥമാണോ എന്ന് സംശയമുണ്ടെന്നും, വത്തിക്കാനിൽ നിന്ന് കത്തയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, ജസ്റ്റിസ് സൽദാന വ്യക്തമാക്കി. വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നൺസിയോക്കും ലീഗൽ നോട്ടീസയച്ചതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് മറ്റ് സന്യാസിനിമാർക്ക് അയച്ച കത്തിലാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതിയായ അപ്പൊസ്തോലിക് സെന്ന്യൂറ ശരിവെച്ചെന്ന് അവകാശപ്പെടുന്നത്. അതേസമയം, ഇത്തരമൊരു ഉത്തരവിന്‍റെ കാര്യം തനിക്കറിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments