ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തിയാതായി റിപ്പോര്‍ട്ട്. ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ചൈനയെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് വിവരം.
കഴിഞ്ഞ പാദത്തില്‍ 6.2 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ പാദത്തില്‍ 6.1 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിച്ചിരുന്നത്. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ അവസാന പാദത്തില്‍ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറു ശതമാനം ആണ്. 1992 ന് ശേഷം ആദ്യമായാണ് വളര്‍ച്ചാ നിരക്ക് ഇത്രയും താഴുന്നത്.
കഴിഞ്ഞ ആഴ്ച ചൈനീസ് ചരക്കുകളുടെ തീരുവ വര്‍ധിപ്പിക്കുന്നത് വൈകിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. അതേ സമയം അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ചൈനയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക രംഗത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചൈനയും അമേരിക്കയും പരസ്പരം ധാരണയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന സാമ്പത്തിക തളര്‍ച്ച നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
Post Your Comments