കോഴിക്കോട് : കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ആദ്യം നടത്തിയ തെളിവെടുപ്പില്‍ പൊലീസ് 47 ഗുളികകള്‍ കണ്ടെടുത്തത് ജോളിയൊരുക്കിയ ഗൂഢതന്ത്രം. പൊലീസ് പിടിയിലായിട്ടും യാതൊരു കൂസലുമില്ലാതെ ജോളി. അറസ്റ്റിനു മുന്‍പ് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് സയനൈഡ് എന്നു തോന്നിക്കുന്ന ഗുളികകള്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു പൊലീസിനെ ഏല്‍പ്പിക്കുകയും കേസ് വഴിതെറ്റിക്കുകയുമായിരുന്നു ലക്ഷ്യമെന്നും പറയുന്നു.
പിടിച്ചെടുത്തത് സയനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം 3 ദിവസത്തിനു ശേഷം രാത്രി അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച വെളുത്ത പൊടി കണ്ടെത്തുകയായിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധന.
അതേസമയം, കൂടത്തായി കൊലപാതക കേസ് അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിക്കുന്നു. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് കോയമ്പത്തൂരില്‍ നിന്നും സംഘടിപ്പിച്ചതാണെന്ന് മൂന്നാം പ്രതി പ്രജികുമാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണിത്. പ്രജികുമാറിനെ പൊലീസ് കോയമ്പത്തൂരില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തും. ജോളിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ് സയനൈഡ് കൈമാറ്റത്തില്‍ പങ്കുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments