KeralaLatest NewsNews

സേവാ ട്രെയിന്‍ കേരളത്തിനും അനുവദിയ്‌ക്കണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം•റെയില്‍വേ ആരംഭിയ്‌ക്കുന്ന സേവാ ട്രെയിന്‍ കേരളത്തിനും അനുവദിയ്‌ക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

തിരക്കുള്ള റൂട്ടുകളിലെ യാത്രാദുരിതം പരിഹരിയ്‌ക്കാനാണ്‌ സേവാ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നത്‌. ഇന്നലെ ആരംഭിച്ച ട്രെയിനുകളില്‍ മൂന്നെണ്ണം സേലം ഡിവിഷന്‌ അനുവദിച്ചിട്ടും ഒരെണ്ണം പോലും കേരളത്തിന്‌ നല്‍കിയില്ല. യാത്രക്കാരുടെ തിരക്ക്‌ ഏറെയുണ്ടായിട്ടും കേരളത്തില്‍ സേവാ ട്രെയിന്‍ അനുവദിയ്‌ക്കാത്തത്‌ പ്രതിഷേധാര്‍ഹമാണ്‌. 2008 ലെ ബജറ്റില്‍ പ്രഖ്യാപിച്ച കോച്ച്‌ ഫാക്ടറിയ്‌ക്ക്‌ 239 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നല്‍കിയിട്ടും കോച്ച്‌ ഫാക്ടറി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന്‌ ആക്കം കൂട്ടുമായിരുന്ന കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കാനുള്ള ഗൂഢനീക്കമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌.

കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക്‌ ആവശ്യമായ പണം അനുവദിക്കുന്നില്ല. കേരളത്തിലോടുന്ന ട്രെയിനുകളുടെ കോച്ചുകള്‍ പലതും കാലപ്പഴക്കത്താല്‍ മാറ്റണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കാന്‍ റെയില്‍വേ സന്നദ്ധമായിട്ടില്ല. കേരളത്തോട്‌ കടുത്ത അവഗണനയാണ്‌ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവരണം. കേരളത്തില്‍ റെയില്‍വേ രംഗത്ത്‌ വികസനം പാടില്ലെന്ന സങ്കുചിത രാഷ്ട്രീയ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button