News

ഷാര്‍ജയില്‍ ആദ്യഭാര്യയെ കൊലപ്പെടുത്തിയ പ്രവാസിയായ ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ : കൊലക്കേസ് പ്രതികള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനക്കാരാണെന്ന് പുറത്തുവിടാതെ അധികൃതര്‍

ഷാര്‍ജ : ആദ്യഭാര്യയെ കൊലപ്പെടുത്തിയ പ്രവാസിയായ ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ. ഷാര്‍ജയിലെ ക്രിമിനല്‍ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ പ്രതിയായ ഇന്ത്യന്‍ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലില്‍ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അതേസമയം, കൊലക്കേസ് പ്രതികള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനക്കാരാണെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മലയാളികള്‍ ഏറെയുള്ള ഏരിയയിലെ ഫ്‌ളാറ്റിലാണ് കൊല നടന്നിട്ടുള്ളത്.

ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് കേസില്‍ വിശദമായ അന്വേഷണം നടന്നത്. സഹോദരിയെ കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. ദമ്പതികളും രണ്ടു മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button