പാലോട്: സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ തീപിടിച്ചു നശിച്ചു. മെഷീനില്‍ തീപടരുന്നതിനു മുന്‍പ് തീയണച്ചതുമൂലം പണം കത്തിനശിച്ചില്ല. ഷോര്‍ട് സര്‍ക്ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ 11മണിയോടെ ഒരു ഇടപാടുകാരന്‍ പണം എടുക്കാനായി കയറിയപ്പോഴാണ് കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ ബാങ്കിനെ വിവരം അറിയിച്ചു. നിമിഷ നേരം കൊണ്ട് കറുത്ത പുക പുറത്തേക്കു വ്യാപിച്ചു പ്രദേശമാകെ പടര്‍ന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. കൗണ്ടറിന് അനുബന്ധമായി പിന്നിലുള്ള ചെറിയ മുറിയിലെ ഇന്‍വെര്‍ട്ടറും യുപിഎസുമാണ് കത്തിയത്.
ഏസികളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി പുക കെടുത്തി ഉപകരണങ്ങളെല്ലാം വേര്‍പ്പെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘത്തിലെ അന്‍ഷാദിന് പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുക പുറത്തേക്ക് പോകാനായി കൗണ്ടറിലെ ഗ്ലാസ് പൊട്ടിക്കുന്നതിനിടെ കൈയിലെ ഞരമ്പ് മുറിഞ്ഞു. പൊലീസ് വാഹനത്തില്‍ പാലോട് ആശുപത്രിയിലെത്തിച്ച അന്‍ഷാദിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പുക ഉയരുന്നത് കണ്ടതോടെ മുകളിലത്തെ നിലയിലെ ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു ജീവനക്കാരെ പുറത്തിറക്കി. സ്ഥലത്തെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. പിന്നെ വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെയുള്ള സമയം മുഴുവനും ആശങ്കയുടെ മുള്‍മുനയിലായിരുന്നു സമീപ കച്ചവടക്കാരും നാട്ടുകാരും, ഒപ്പം ബാങ്കിലേക്ക് തീ പടരുമോ എന്ന ആശങ്കയിലായി ബാങ്ക് ജീവനക്കാരും നിലയുറപ്പിച്ചിരുന്നു.
Post Your Comments