ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനം സുപ്രീംകോടതിക്ക് കൈമാറി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് ഇത്. സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ വിജ്ഞാപനങ്ങളുടെ പൂര്‍ണ്ണ രൂപം ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപെടുകയായിരുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനമാണ് കൈമാറിയത്. പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന.
ശബരിമല യുവതി പ്രവേശന വിലക്ക് സാധൂകരിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് 1955 ലും56 ലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്ത് ഇറക്കിയ വിജ്ഞാപനങ്ങളെ ആയിരുന്നു. എന്നാല്‍ ഈ വിജ്ഞാപനങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്ന നിലപാട് ആണ് ബെഞ്ചിലെ മറ്റ് നാല് അംഗങ്ങള്‍ സ്വീകരിച്ചിരുന്നത് . ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടന ബെഞ്ചില്‍ പുതുതായി ഉള്‍പ്പെട്ട അംഗം ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.
വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറി എന്നാണ് അറിയാന്‍ സാധിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17 ന് വിരമിക്കും. അതിന് മുമ്പ് ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നിന്ന് വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അയോദ്ധ്യ കേസിലും വിധി ഉണ്ടാവുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അയോധ്യയിൽ ഡിസംബർ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments