ന്യൂഡല്‍ഹി: രാജ്യത്ത് ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനത്തില്‍ എത്തിയവരാണെന്ന് എന്‍.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നും 127 പേര്‍ അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി അറസ്റ്റു ചെയ്യപ്പെട്ടവരില്‍ കൂടുതലും തമിഴ്‌നാട്ടുകാരാണ്. 33 പേരാണ് തമിഴ് നാട്ടില്‍ നിന്നും അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ നിന്നും 17 പേരുണ്ട്.
തെലങ്കാനയില്‍ നിന്നും 14, ഉത്തര്‍ പ്രദേശില്‍ നിന്നും 19, മഹാരാഷ്ട്രയില്‍ നിന്നും 12, കര്‍ണാടകയില്‍ നിന്നും 8, ഡല്‍ഹിയില്‍ നിന്നും 7 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്ക്. കൂടാതെ ഉത്തരാഖണ്ഡ്, ബംഗാള്‍, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ആള്‍ക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിലും സാക്കിര്‍ നായിക്കിനാല്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരായവര്‍ ഉണ്ടെന്നും മിത്തല്‍ പറഞ്ഞു.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ബോംബാക്രമത്തിന്റെ സൂത്രധാരനും സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ടെന്ന് ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ ചില പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ഐ.എസ്.ഐ.എസ് കേസുകളിലെ പ്രതികള്‍ അവര്‍ സാക്കിര്‍ നായിക്കിന്റെയും മറ്റ് ഇസ്ലാമിക് പ്രാസംഗികരുടേയും പ്രസംഗത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ടവരാമെന്ന് സമ്മതിച്ചിട്ടുണ്ട്.’ അലോക് മിത്തല്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് അറസ്റ്റിലായവരുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ശ്രദ്ധേയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകര്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. ഐഎസിനു വേണ്ടി സിറിയയില്‍ പോയി കൊല്ലപ്പെട്ടവരിലും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുണ്ട്.ഇവരുടെ ഉന്നത നേതാക്കള്‍ പോലും സിറിയയില്‍ എത്തിയിട്ടുണ്ടെന്ന് മലയാളി ഐഎസ് ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശത്തില്‍ വ്യക്തമായിരുന്നു.
Post Your Comments