ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ഊന്നൽ നല്‍കി കേരള പോലീസ് നല്‍കിയ ഓപ്പറേഷന്‍ പി. ഹണ്ടില്‍ ഇതുവരെ 12 ഓളം പേരാണ് പിടിയിലായത്. അധോലോകം, നീലക്കുറിഞ്ഞി, അലമ്പന്‍ തുടങ്ങി മലയാളികള്‍ നിയന്ത്രിക്കുന്ന അശ്ലീല ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് അശ്ലീല വീഡിയോകള്‍ പ്രധാനമായും പ്രചരിപ്പിച്ചത്.
നീലക്കുറിഞ്ഞി എന്ന ഗ്രൂപ്പില്‍ മാത്രം രണ്ട് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ടെലഗ്രാമിന്റെ പോളിസി പ്രകാരം ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്യാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം 2 ലക്ഷമാണ്. പരിധി കഴിഞ്ഞെങ്കിലും ഈ ഗ്രൂപ്പില്‍ അംഗത്വം നേടാന്‍ മലയാളി യുവാക്കളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്.
നീലക്കുറിഞ്ഞി ഗ്രൂപ്പിൽ പോൺ വിഡിയോകളുടെ പ്രളയമാണ്. ഈ ഗ്രൂപ്പിൽ കുട്ടികളുടെ പോൺ വിഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ നിമിഷങ്ങൾക്കം വിഡിയോ നീക്കം ചെയ്ത് അംഗത്തിനെ ബ്ലോക്ക് ചെയ്തിരിക്കും. എന്നാൽ അപ്പോഴേക്കും നിരവധി പേർ വിഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ടാകും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്ന വിഡിയോ പോസ്റ്റ് ചെയ്തവർ വരെയുണ്ടെന്നാണ് റിപ്പോർട്ട്.
കൊച്ചുകുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സൈബർഡോമിനു പുറമെ സി.ബി.ഐയും ഇന്റർപോളും നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ നിന്നു സംഘടിപ്പിക്കുന്ന കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി അംഗങ്ങൾക്ക് വിൽക്കുന്ന റാക്കറ്റിന്റെ ആസ്ഥാനം ഇന്ത്യയില്‍ തന്നെയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തന്നെ കേരളത്തിനുള്ള പങ്കാളിത്തം വളരെ വലുതാണ്.
92 ലധികം അഡ്മിൻസ് ഉള്ള ചില ഗ്രൂപ്പുകൾ ഉൾപ്പെടെ ‘ALAMBAN ’, ‘അധോലോകം’, ‘നീലക്കുറിഞ്ഞി’ തുടങ്ങിയ പല ഗ്രൂപ്പുകളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് . ഇത്തരം റാക്കറ്റിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും ഈ ഗ്രൂപ്പുകളിലെ അംഗങ്ങളാണ്.
നിലവിലെ നിയമമനുസരിച്ച്, ചൈൽഡ് പോർണോഗ്രാഫി കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.ഇത്തരം ഉള്ളടക്കങ്ങൾ സൂക്ഷിക്കുന്നവരെയും സോഷ്യൽ മീഡിയയിൽ ഏതെങ്കിലും ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം അല്ലെങ്കിൽ ജില്ലാ സൈബർ സെല്ലുകളെയോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.
Post Your Comments