Latest NewsKeralaNews

എന്‍ഐടിയിലേയ്‌ക്കെന്നു പറഞ്ഞ് ജോളി 14 വര്‍ഷം പോയ ആ സ്ഥലങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കൊലയാളി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . 2002 മുതല്‍ എന്‍.ഐ.ടി അദ്ധ്യാപികയാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും ജോളി വിശ്വസിപ്പിച്ചിരുന്നത്. കൊമേഴ്സ് വകുപ്പില്‍ അദ്ധ്യാപിക എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത് ദിവസവും രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോകുന്ന ജോളി വൈകീട്ടോടെ മാത്രമേ വീട്ടില്‍ തിരികെ എത്താറുണ്ടായിരുന്നുവെന്നും നാട്ടുകാരും ബന്ധുക്കളും വെളിപ്പെടുത്തി

അതേസമയം ജോളിയെ എന്‍.ഐ.ടിയില്‍ വച്ച് നിരവധി പേര്‍ കണ്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ നാട്ടുകാരനായ ഒരാള്‍ എന്‍.ഐ.ടിയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് സഹായത്തിനായി ജോളി കാമ്പസില്‍ എത്തിയിരുന്നു. ജോളിയെ ഫോണില്‍ ബന്ധപ്പെട്ട് പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ കള്‍ക്കുള്ളില്‍ തന്നെ ജോളി കാമ്പസില്‍ എത്തി. ജോളിക്ക് എന്‍.ഐ.ടിക്ക് സമീപം ഫ്ളാറ്റുണ്ടെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇവിടെയാകാം ഇവര്‍ സമയം ചെലവഴിച്ചതെന്നും സംശയമുണ്ട്.

ജോളി സ്ഥിരമായി പോകാറുണ്ടെന്ന് പറഞ്ഞ തയ്യല്‍കടയിലും അന്വേഷണ സംഘം എത്തിയിരുന്നു. തയ്യല്‍കടക്കാരനെ പൊലീസ് ചോദ്യം ചെയ്തു. എന്‍.ഐ.ടിക്ക് സമീപത്തുള്ള ക്രിസ്ത്യന്‍ ദേവാലയത്തില്‍പോയും ഇരിക്കാറുണ്ടെന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്. ഇവിടെയെല്ലാം ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

എന്‍.ഐ.ടിയിലേക്കെന്ന് പറഞ്ഞ് മറ്റ് എവിടെയൊക്കെയാണ് ജോളി പോയതെന്നും പൊലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ഒരു ബ്യൂട്ടി പാര്‍ലറിലും തയ്യല്‍കടയിലും എന്‍.ഐ.ടി കാന്റീനിലും പോയി ഇരിക്കാറുണ്ടെന്ന് ജോളി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ബ്യൂട്ടി പാര്‍ലറല്‍ ജോളി ജോലി ചെയ്തിരുന്നോ എന്ന് അന്വേഷിച്ചിരുന്നെങ്കിലും എന്‍.ഐ.ടി അദ്ധ്യാപികയായിട്ടാണ് ജോളി അവിടേയും എത്തിയിരുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്‍.ഐ.ടി കോളേജ് കാന്റീനിലും ജോളി എത്താറുണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്

എന്‍.ഐ.ടി പരിസരത്ത് ജോളിക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നതായും ഇവിടെയുള്ള ഒരു ബാങ്കിന്റെ ശാഖയിലൂടെയാണ് ഇവര്‍ പണമിടപാട് നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 14 വര്‍ഷത്തോളം ഈ സ്ഥലങ്ങളില്‍ മാത്രമാണ് ജോളി എത്തിയതെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

എന്‍.ഐ.ടിയുമായി ജോളിയെ ബന്ധിപ്പിക്കുന്ന മറ്റെന്തെങ്കിലും കണ്ണിയുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്‍.ഐ.ടിക്ക് അകത്ത് നിന്ന് ജോളിക്ക് എന്തെങ്കിലും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ജോളിയെ കൂടുതല്‍ ചോദ്യം ചെയ്ത് തുടങ്ങിയതോടെ നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിക്കുന്നത്. ജോലിക്കെന്ന് പറഞ്ഞ് പോകുന്ന ഇവര്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പലയിടങ്ങളിലും യാത്ര ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണൊപ്പവും താമരശേരിക്കാരനായ അഭിഭാഷകനൊപ്പവും ജോളി യാത്ര നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിഎച്ച്ഡി ചെയ്യുകയാണെന്നും പ്രൊജക്ട് ആവശ്യങ്ങള്‍ക്കാണ് യാത്ര പോകുന്നതെന്നുമാണ് ഇവര്‍ ഭര്‍ത്താവ് ഷാജുവിനേയും മക്കളേയും ധരിപ്പിച്ചിരുന്നത്.

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ബെംഗളൂരു തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്കായിരുന്നു ജോളിയുടെ ഈ സമയങ്ങളിലെ യാത്രയെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ജോളിക്കൊപ്പം ഇവിടങ്ങളില്‍ യാത്ര പോയവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button