തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനത്തിൽ ക്രമക്കേട് നടന്നതായി പിണറായി സർക്കാരിനെതിരെ ആക്ഷേപം ഉയരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തിൽ ഇടത് നേതാവിനും, മന്ത്രിയുടെ ബന്ധുവിനും കൂടുതൽ മാർക്ക് നൽകുകയായിരുന്നു. ഇവർ പി എസ് സി എഴുത്ത് പരീക്ഷയിൽ വളരെ പിന്നിലായിരുന്നെന്ന് കണ്ടെത്തി.
എഴുത്ത് പരീക്ഷയിൽ പിന്നിലായിരുന്നവരെ അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിച്ചു എന്നാണ് ആക്ഷേപം. ആസൂത്രണ ബോർഡിന്റെ പ്ലാൻ കോ ഓർഡിനേഷൻ, ഡീസെൻട്രലൈസ്ഡ് പ്ലാനിങ്, സോഷ്യൽ സർവീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചാണ് ഇപ്പോൾ പരാതി ഉയർന്നിട്ടുള്ളത്. 89,000 – 1,20,000 ശമ്പള സ്‌കെയിലിലുള്ളതാണ് ഈ തസ്തിക.
നാൽപ്പതിൽ 38 മുതൽ 36 വരെ മാർക്ക് ചിലർക്ക് അഭിമുഖത്തിനു ലഭിച്ചു, അതേ സമയം എഴുത്തുപരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിൽ ഏറ്റവും കുറവായ പതിനൊന്ന് മാർക്കാണ് നൽകിയത്. എഴുത്തുപരീക്ഷയ്ക്ക് മാർക്ക് കുറവുള്ളവർ അഭിമുഖത്തിനു ലഭിച്ച ഉയർന്ന മാർക്കോടെ റാങ്ക് പട്ടികയിൽ മുന്നിലെത്തി. ഇരുന്നൂറ് മാർക്കിനുള്ള പൊതു പരീക്ഷയും നാൽപ്പത് മാർക്കിനുള്ള അഭിമുഖവുമായിരുന്നു ഉദ്യോഗാർത്ഥികൾക്കായി പി.എസ്.സി നിശ്ചയിച്ചിരുന്നത്. ഇതിൽ എഴുത്ത് പരീക്ഷയിൽ വളരെ പിന്നിലായവർക്ക് അഭിമുഖത്തിൽ 90 മുതൽ 95 വരെ ശതമാനം മാർക്ക് നൽകിയാണ് റാങ്ക് പട്ടികയിലെ ആദ്യ സ്ഥാനക്കാരാക്കിയത്.
Post Your Comments