Latest NewsKeralaNews

വിവാഹദിവസം വരന്റെ വീട്ടുപടിക്കല്‍ വരെ എത്തിയ വധു തിരിച്ചുപോയി; സംഭവം കണ്ണൂരില്‍

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് വധു പിണങ്ങിപ്പോയി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് സംഭവം. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോറോംസ്വദേശിനിയായ യുവതിയും വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയായ യുവാവും പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹിതരായി. വരന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍് വാട്സാപ്പില്‍ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇരുവരും ഉള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ഈ മെസേജ് കണ്ട വരന്‍ വഴിക്ക് വെച്ചു തന്നെ യുവതിയോട് ഇതേപ്പറ്റി അന്വേഷിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഉടന്‍ നവവധു തനിക്ക് ഇവിടെ നില്‍ക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു.

അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പറഞ്ഞതൊന്നും യുവതി കേട്ടില്ല. ഒടുവില്‍ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. തളിപ്പറമ്പ്എസ് ഐ കെ.പി.ഷൈന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചുവെങ്കിലും തന്റെ കാമുകന്റെ കൂടെ പോകണമെന്ന നിലപാടിലായിരുന്നു യുവതി. ഇതോടെ താലിയും മാലയും ഉള്‍പ്പെടെ തിരിച്ചു വേണമെന്നായി വരന്റെ വീട്ടുകാര്‍. സ്റ്റേഷനില്‍ വെച്ചു തന്നെ വധു താലിമാല ഊരി നല്‍കി. കടം വാങ്ങിയാണ് തങ്ങള്‍ മകളുടെ വിവാഹം നടത്തിച്ചതെന്നും പൊതുജനമധ്യത്തില്‍ തങ്ങളെ അപമാനിച്ച മകളെ ഇനി വേണ്ടെന്നും പറഞ്ഞ് അച്ഛനമ്മമാരും ബന്ധുക്കളും വധുവിനെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.

വരന്റെ പാര്‍ട്ടിക്കാരും പോയതോടെ സ്റ്റേഷനില്‍ ഒറ്റപ്പെട്ട യുവതിയെ അമ്മാവനെ വിളിച്ചു വരുത്തിയാണ് പോലീസ് പറഞ്ഞു വിട്ടത്. പട്ടാന്നൂര്‍ സ്വദേശിയായ കാമുകനോടും വധൂവരന്‍മാരുടെ ബന്ധുക്കളോടും തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. അതേസമയം വിവാഹത്തിന് ചെലവായ തുക നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടിലാണ് വരന്റെ വീട്ടുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button