Latest NewsNewsIndia

പ്രണയബന്ധത്തിന് തടസം നിന്ന അമ്മയെ പെണ്‍മക്കള്‍ കൊന്ന് കുളത്തില്‍ തള്ളി

കൊല്‍ക്കത്ത: സ്വന്തം അമ്മയെ കൊന്ന് കുളത്തില്‍ തള്ളിയ രണ്ട് പെണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള റൈഗഞ്ചിലെ പൂര്‍ബ കോളേജ്പാറ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന കല്‍പ്പന ഡേ സര്‍ക്കാര്‍ (റോയ്) യുടെ മൃതദേഹം വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ഒരു കുളത്തില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പ്രകോപിതരായ ഗ്രാമവാസികള്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. അതേസമയം കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് തോന്നുന്ന മറ്റൊരാളെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഒക്ടോബര്‍ 6 മുതല്‍ അധ്യാപികയെ കാണാനില്ലായിരുന്നു. എന്നാല്‍ പെണ്‍മക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയില്ല. അമ്മാവന്റെ വീട്ടില്‍ പോയാതായിരിക്കുമെന്നും ഉടന്‍ തന്നെ തിരികെയെത്തുമെന്നാണ് കരുതിയതെന്നുമാണ് പൊലീസ് പിടിയിലാകുന്നതിന് മുമ്പ് ശ്രേയ പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇവര്‍ കരഞ്ഞുകൊണ്ട് കുറ്റം സമ്മതം നടത്തി.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ശ്രേയ കാമുകന്റെ സഹായത്തോടെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ശ്രേയയുടെ പ്രണയബന്ധത്തിന് എതിരു നിന്ന കല്‍പ്പന, മക്കളുടെ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നതും ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം വഷളായതെന്നാണ് പൊലീസ് ഭാഷ്യം. സഹോദരിയുടെയും കാമുകന്റെയും സഹായത്തോടെ ശ്രേയ തന്നെയാണ് അരക്കല്ലുപയോഗിച്ച് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തിയത്.

മൃതദേഹം കുറച്ചകലെയായുള്ള കുളത്തില്‍ ഉപേക്ഷിച്ചു. സഹോദരിമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പിന്നീട് പൊലീസ് കണ്ടെടുത്തു. സ്വന്തം പെണ്‍മക്കള്‍ തന്നെ അമ്മയെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലക്കുറ്റത്തിന് സഹോദരിമാരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി തെരച്ചില്‍ നടത്തുന്നുണ്ട്. കല്‍പ്പനയുടെ ഭര്‍ത്താവ് രഞ്ജിത് റോയ് ഏകദേശം 12 വര്‍ഷം മുമ്പാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button