കൊച്ചി: കൊച്ചിയില്‍ മെട്രോ സര്‍വീസിനു പുറമെ ഇനി വാട്ടര്‍ മെട്രോയും. വാട്ടര്‍ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെര്‍മിനല്‍ നിര്‍മ്മാണം നടത്തണമെന്നും കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചു. പരിസ്ഥിതി സംരക്ഷിച്ചുള്ള നിര്‍മ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
വാട്ടര്‍ മെട്രോയ്ക്കായി 15 വ്യത്യസ്ഥ റൂട്ടുകളില്‍ 38 ടെര്‍മിനലുകളാണ് പണികഴിപ്പിക്കേണ്ടത്. വൈറ്റിലയും ഹൈക്കോടതി ഭാഗത്തും ടെര്‍മിനല്‍ നിര്‍മ്മാണം ഇതിനകം തുടങ്ങിയെങ്കിലും ചില റൂട്ടില്‍ സിആര്‍ഇസെഡ് നിയമത്തിലെ പ്രശനങ്ങള്‍ കാരണം നിര്‍മ്മാണം തുടങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് വാട്ടര്‍ മെട്രോയുടെ നടത്തിപ്പ് ചുമതലയുള്ള കെഎംആര്‍എല്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയത്.
747.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാട്ടര്‍ മെട്രോ കൊച്ചിയിലെ ജല ഗതാഗത രംഗത്ത് പുത്തന്‍ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 78 കിലോമീറ്ററില്‍ വ്യാപിക്കുന്ന ജലമെട്രോയ്ക്കായി ആദ്യ ഘട്ടം 16 സ്റ്റേഷനുകളാകും തയ്യാറാക്കുക.
Post Your Comments