ഭോപാല്‍: ഹോങ്കോങ് ആസ്ഥാനമായുള്ള സംഘടനയുടെ വാര്‍ഷിക കോണ്‍ഫറന്‍സിന് പങ്കെടുക്കാന്‍ പോയ യുവതി വാഹനമിടിച്ചു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജീനിയര്‍ പ്രജ്ഞ പലിവാള്‍ (29) തായ്ലന്‍ഡില്‍ വാഹനമിടിച്ചു മരിച്ചത്. പ്രജ്ഞയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ മൃതദേഹം കുടുംബത്തിലെ ആര്‍ക്കും ഇതുവരെ ഏറ്റുവാങ്ങാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്ഞയുടെ കുടുംബത്തിലെ ആര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തത്.
ദുരവസ്ഥയറിഞ്ഞ വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലക്കാരായ കുടുംബം, അലോക് ചതുര്‍വേദി എംഎല്‍എയെ ബന്ധപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രി കമല്‍നാഥിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രജ്ഞയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു.
തടസ്സങ്ങളെല്ലാം നീക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വീറ്റും ചെയ്തു. ആവശ്യമെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് തായ്ലാന്‍ഡില്‍ ചെന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു. പ്രജ്ഞയുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ വേഗത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കാനും മറ്റു സഹായങ്ങള്‍ക്കും ജില്ലാ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
Post Your Comments