കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് കരാര്‍ നല്‍കേണ്ട കമ്പനികളെ ഇന്ന് തീരുമാനിക്കാന്‍ സാധ്യത. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഫ്‌ലാറ്റുകള്‍ പരിശോധിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായും രാവിലെ മരട് നഗരസഭയിലെത്തിയ ശരത് ബി സര്‍വാതെ ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ഫ്‌ലാറ്റുകളില്‍ പരിശോധന നടത്തിയത്. ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിലാണ് ആദ്യം പരിശോധന നടത്തിയത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാലു ഫ്‌ലാറ്റുകളിലും പരിശോധന നടത്തി. അന്തിമ പട്ടികയില്‍ ഉള്ള കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമായിരിക്കും ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ ആര്‍ക്കു നല്‍കണമെന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.
ഇതിനിടെ, അന്തിമ പട്ടികയിലുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്‌ലാറ്റുകള്‍ പരിശോധിച്ചു. ഇവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ കമ്പനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ ഫ്‌ലാറ്റുകള്‍ പൊളിക്കാനാകും എന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ പൊളിച്ചു തീര്‍ക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെറ്റ് ഡെമോളിഷന്‍സ് പ്രതിനിധി ജോ ബ്രിംഗ്മാന്‍ പറഞ്ഞു.
Post Your Comments