KeralaLatest NewsNews

ജോളിയുടെ കൊലപാതകങ്ങള്‍ക്കെല്ലാം കൂട്ടുനിന്നത് മാത്യുവെന്ന് നിഗമനം; വിശദമായ ചോദ്യം ചെയ്യിലിനൊരുങ്ങി പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഒന്നാം പ്രതി ജോളിയുടെ കുറ്റ കൃത്യങ്ങള്‍ക്കെല്ലാം കൂട്ടുനിന്നത് രണ്ടാം പ്രതിയായ മാത്യുവാണെന്ന് പോലീസ്. ഇതേ തുടര്‍ന്ന് മാത്യുവിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. അന്നമ്മയുടെ കൊലപാതകത്തില്‍ മാത്യുവിന് പങ്കില്ലെന്നും ഇതിന് ശേഷം നടന്ന അഞ്ച് കൊലപാതകങ്ങളും മാത്യുവിന്റെ അറിവോടെയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനായി അറസ്റ്റിലായ പ്രജുകുമാറിന്റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവിന് പ്രജുകുമാറുമായി ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇതിന് മുമ്പ് സയനൈഡ് എവിടെ നിന്നാണ് മാത്യുവിന് ലഭിച്ചതെന്ന കാര്യം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി മാത്യുവിനെ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. അതേസമയം പെരുച്ചാഴിയെ കൊല്ലാനാണെന്ന് ് പറഞ്ഞാണ് മാത്യു തന്റെ കയ്യില്‍ നിന്നും സയനൈഡ് വാങ്ങിയതെന്നായിരുന്നു മൂന്നാം പ്രതി പ്രജുകുമാര്‍ ഇന്നലെ പറഞ്ഞത്.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്ന് കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടഞ്ചേരി പോലീസ് സ്റ്റേഷനിലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് കോടഞ്ചേരി പോലീസ് പുതുതായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ തെളിവെടുപ്പ് നടക്കുന്നത്.

നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. വീട്ടില്‍ നിന്നും ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവിടെ നിന്നും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 2002ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത് കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടില്‍ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button