തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തില്‍ ഇംഗ്ലീഷിലായിരുന്നു സത്യ പ്രതിജ്ഞ. രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്തിമാരായ എകെ ബാലന്‍, എംഎം മണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംഎല്‍എയായി വരുന്നത്. 2006-ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടത്തിനാണ് ഇതോടെ ഫലം കണ്ടത്. പതിറ്റാണ്ടുകളായി മാണിയിലൂടെ കേരള കോണ്‍ഗ്രസ് കയ്യടക്കിവെച്ചിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ എന്‍സിപി സ്ഥാനാര്‍ത്ഥിയിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കുകയായിരുന്നു.
കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ തോല്‍പ്പിച്ചത്. 54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പാലായില്‍ മൂന്ന് തവണ കെ.എം.മാണിയോട് ഏറ്റുമുട്ടി പരാജയമറിഞ്ഞ മാണി സി.കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു.
Post Your Comments