തൃശ്ശൂര്‍: സംസ്ഥാനത്ത് കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് 230 കോടി രൂപകൂടി വായ്പയെടുക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍നിന്ന് (ആര്‍.ഇ.സി.) 10.65 ശതമാനം പലിശയ്ക്ക് വായ്പയെടുക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം.
വര്‍ഷം ഏതാണ്ട് 1500 കോടി രൂപ നഷ്ടംനേരിടുന്ന സാഹചര്യത്തിലാണ് നടപടി. പുറമേനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് പണം കൊടുക്കാനില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ബോര്‍ഡ് സാമ്പത്തിക വിഭാഗത്തിന്റെ രേഖകള്‍പ്രകാരം കഴിഞ്ഞ ജൂണ്‍ 20 വരെ ശമ്ബളം, പെന്‍ഷന്‍, വൈദ്യുതി വാങ്ങല്‍ എന്നിവയിലടക്കം 350 കോടി രൂപയാണ് കുടിശ്ശിക.
ഊര്‍ജവകുപ്പിന് കീഴിലുള്ള, നവരത്ന കമ്പനികളിലൊന്നായ ആര്‍.ഇ.സി. ലിമിറ്റഡ് 2017-ല്‍ പ്രത്യേക വായ്പയായി രണ്ടായിരംകോടി രൂപ കെ.എസ്.ഇ.ബി.ക്ക് അനുവദിച്ചിരുന്നു. ഇതില്‍ 1250 കോടി രൂപ 9.08 ശതമാനം പലിശയ്ക്ക് 2017-ല്‍തന്നെ വാങ്ങി. പിന്നീട് 2018-ലും 2019-ലും പലപ്പോഴായി 9.08 ശതമാനം മുതല്‍ 11 ശതമാനംവരെ പലിശയ്ക്ക് 520 കോടിരൂപ കൂടിയെടുത്തു.
ഇതിനിടെയാണ് ഇപ്പോള്‍ ബാക്കിതുകയായ 230 കോടികൂടി കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. നിലവിലുള്ള വായ്പനയത്തിനനുസരിച്ചേ തുക നല്‍കാനാകുവെന്നും ഇത് 10.90 ശതമാനമാണെന്നുമായിരുന്നു ആര്‍.ഇ.സി.യുെട നിലപാട്. എങ്കിലും ബോര്‍ഡിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പലിശനിരക്കില്‍ 0.25 ശതമാനം കുറവുവരുത്തി. മറ്റുവഴികളില്ലാത്തതിനാല്‍ ഈ പലിശനിരക്കില്‍ 230 കോടി രൂപയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു.
Post Your Comments