കൊല്ലം : കൊല്ലത്ത് തോക്ക് ചൂണ്ടി മാല പൊട്ടിച്ച കേസിലെ പ്രതി ഉത്തരേന്ത്യക്കാരനായ സത്യദേവ് കേരളത്തില്‍ എത്തിയത് ബാങ്ക് കൊള്ളയ്ക്ക്. സത്യദേവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . അതേസമയം, മാലപൊട്ടിക്കല്‍ കേസില്‍ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി സത്യദേവിനെ (40) കോടതി റിമാന്‍ഡ് ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ സത്യദേവിനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ജയില്‍ സൂപ്രണ്ട് കെ.സോമരാജന്‍ ജയില്‍ ഡിജിപിക്ക് അപേക്ഷ നല്‍കി. മൂന്ന് കൂട്ടാളികള്‍ക്കായി ഡല്‍ഹിയില്‍ കൊല്ലം റൂറല്‍ പൊലീസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.
സത്യദേവിന്റെ വിശ്വസ്ത ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ബാങ്ക് കൊള്ള ഉള്‍പ്പെടെ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് കേരളത്തില്‍ സംഘം എത്തിയതെന്നാണ് വിവരം. കവര്‍ച്ചയ്ക്ക് മുന്നോടിയായി സ്ഥല പരിശോധനയ്ക്കാണ് എത്തിയത്. കേസുകളില്‍ വൈകാതെ കുറ്റപത്രം നല്‍കാനാണ് പൊലീസ് തീരുമാനം. നടപടികള്‍ വേഗത്തിലാക്കുമെന്ന് എസ്പി ഹരിശങ്കര്‍ അറിയിച്ചു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയാല്‍ സംഘത്തിന്റെ ജയില്‍മോചനം വൈകും. കഴിഞ്ഞ ദിവസം രാത്രിയിലാണ് സത്യദേവിനെ യാത്രാ വിമാനത്തില്‍ സംസ്ഥാനത്തെത്തിച്ചത്.
എഴുകോണ്‍ കുഴിമതിക്കാട് ജംക്ഷനുസമീപം കോമളാദേവിയുടെ മാല പൊട്ടിച്ച കേസിലാണ് സത്യദേവിനെ കോടതി റിമാന്‍ഡ് ചെയ്തത്. 5 മാലപൊട്ടിക്കല്‍ കേസുകളും രണ്ട് ബൈക്ക് മോഷണ കേസുകളും ഇനിയുണ്ട്. കഴിഞ്ഞ ദിവസം സ്ഥലത്തെ പെട്രോള്‍ പമ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികള്‍ ഇവിടെ നിന്നു വാഹനത്തില്‍ ഇന്ധനം നിറച്ചതായി സാക്ഷികള്‍ മൊഴി നല്‍കി.
Post Your Comments