KeralaLatest NewsNews

പെണ്‍കുട്ടികളോട് വെറുപ്പ്, നിരവധി തവണ ഗര്‍ഭചിദ്രം നടത്തി, റെഞ്ചിയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി പോലീസ്

കോഴിക്കോട്: പെണ്‍കുട്ടികളോട് കടുത്ത വെറുപ്പ് തോന്നുന്ന പ്രത്യേകതരം മാനസികാവസ്ഥയ്ക്ക് ഉടമയായിരുന്നു ജോളിയെന്നും നിരവധി തവണ ഗര്‍ഭചിദ്രം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തല്‍. പെണ്‍കുട്ടികളെ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ താന്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ ജോളി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ജോളി നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. അന്വേഷത്തിലൂടെ ലഭിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള സൂചനകളാണ് പോലീസിന് നല്‍കുന്നത്.

ജോളി അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച വ്യക്തിയായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക രീതിയിലുള്ള മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജോളിയുടെ മൊഴിയും ഇത് തെളിയിക്കുന്നു.

എന്നാല്‍ ജോളിയെ താന്‍ വിവാഹം ചെയ്തത് ഏറെ ഇഷ്ടത്തോടെയാണെന്നും വിവാഹശേഷം ആ ഇഷ്ടം കുറഞ്ഞുവെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു വെളിപ്പെടുത്തി. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഷാജു നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദിവസവും ഒരുപാട് ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നുവെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു. വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു വ്യക്തമാക്കി. കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ജോളിയ്ക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടായിരുന്നതായുമാണ് ഷാജുവിന്റെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button