കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ഒരു വിശ്വാസിയെന്നതില്‍ കവിഞ്ഞ് പള്ളിയുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്ന് കൂടത്തായി ഇടവക. ജോളി വേദപാഠം അധ്യാപിയാണെന്ന പ്രചാരണം തെറ്റാണെന്നും ഇടവക വക്താവ് പറഞ്ഞു. ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയെന്നും ഇടവക വക്താവ് അഗസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍ പറഞ്ഞു. ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മരണങ്ങള്‍ നടന്ന ശേഷം വലിയ ദുഖം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു വിധവയുടെ ഭാവത്തിലല്ല ജോളിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജോളി, എന്‍ഐടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ് എടപ്പാടി പറഞ്ഞു. പലരും അവിടെ വെച്ച് ജോളിയെ കണ്ടിരുന്നെന്നും അപ്പോള്‍ എന്‍ഐടിയില്‍ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ 2005 നും 2008 നും ഇടയിലാണ് കൂടത്തായി പള്ളിയില്‍ ആദ്യം വികാരിയായിരുന്നത്. പിന്നീട് 2016 ലാണ് വീണ്ടും വികാരിയായി എത്തുന്നത്. പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്,’ അദ്ദേഹം പറഞ്ഞു.
ഷാജുവിനെ വിവാഹം കഴിച്ച ശേഷം 2017 മുതല്‍ ജോളി കോടഞ്ചേരി ഇടവകാംഗമാണെന്നും പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കള്‍ കൂടത്തായി ഇടവകാംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഐടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായിരുന്നു. റോജോ അത് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ജോളി സ്ഥിരമായി എന്‍ഐടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍ഐടിയില്‍ വച്ച് അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നതാവാം എന്നായിരുന്നു സംശയം. രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഫാ ജോസഫ് എടപ്പാടി പറഞ്ഞു.
സാധാരണ വിശ്വാസി എന്നതില്‍ കവിഞ്ഞ് ജോളിയും കൂടത്തായി പള്ളിയും തമ്മില്‍ മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കാസ്റ്റിസം പഠിപ്പിക്കാന്‍ പോലും അവരുണ്ടായിരുന്നില്ലെന്നും പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ താനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല എന്നും വികാരി വ്യക്തമാക്കി.’പ്രീ മാര്യേജ് കൗണ്‍സിലിംഗ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇവര്‍ എന്നതൊക്കെ തെറ്റായ കാര്യമാണ്. അത് രൂപത നേരിട്ട് നടത്തുന്ന കോഴ്‌സാണ്. മിനിമം പിജി എങ്കിലും ഉള്ളവര്‍ക്കേ അവിടെ കോഴ്‌സ് പഠിപ്പിക്കാന്‍ തെരഞ്ഞെടുക്കാറുള്ളൂ. അതിലൊന്നും ഒരിക്കലും അവര്‍ ഉണ്ടായിരുന്നില്ല,’ ഫാ ജോസഫ് കൂട്ടിച്ചേര്‍ത്തു.
Post Your Comments