കേരള പോലീസിന്റെ ഔദ്യോഗിക ലോഗോയില്‍ രാഷ്ട്രീയവല്‍ക്കരണത്തിന് ശ്രമമെന്ന് കടുത്ത ആക്ഷേപം. ഡിജിപി ലോക്നാഥ് ബഹ്റയുടെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട പോലീസ് സേനയുടെ ഔദ്യോഗിക ലോഗോയില്‍ രാഷ്ട്രീയം കലര്‍ത്തി അദ്ദേഹം സേനയെ കളങ്കപ്പെടുത്തുന്നു എന്നതാണ് ആക്ഷേപം. പോലീസ് ലോഗോയില്‍ ചുവപ്പുനിറം കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ഉത്തരവാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
നിലവിലുള്ള ലോഗോയിലെ വെള്ള നിറത്തിന് പകരം ചുവപ്പുനിറം കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് ഡിജിപിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ഈ മാസം അഞ്ചിനാണ് ഡിജിപി ലോക് നാഥ് ബെഹ്റ വിവാദത്തിന് ഇടയാക്കിയ നിറംമാറ്റത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. ലോഗോയുടെ ഓവല്‍ ഭാഗത്താണ് വെള്ള നിറത്തിന് പകരം ചുവപ്പുനിറം ആലേഖനം ചെയ്തത്. കേരള പോലീസ് എന്ന് ചുവപ്പ് നിറത്തിലെഴുതിയത് ഇനി മുതല്‍ വെള്ള നിറത്തിലായിരിക്കും.
ലോഗോയ്ക്ക് മുകളിലുള്ള കറുത്ത ആന ഇനിമുതല്‍ മഞ്ഞ നിറത്തിലായിരിക്കും. സേനയുടെ ആപ്ത വാക്യമായ ‘മൃദുഭാവേ ദൃഢ കൃത്യേ’ ചുവപ്പു ബോര്‍ഡറോട് കൂടിയ നീല ബാനറില്‍ വെള്ളനിറത്തില്‍ ആലേഖനം ചെയ്യുമെന്നും ഉത്തരവിലുണ്ട്. ചുവപ്പിനോടും കാവിയോടും താല്പര്യം കാണിച്ചു കൊണ്ടിരിക്കുന്ന തികഞ്ഞ അവസര വാദിയാണ് കേരള ഡിജിപി എന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. അതു വൈകാതെ തന്നെ സിപിഎമ്മിന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൈയില്‍ മഞ്ഞച്ചരട് ധരിച്ച ഒരു പൊലീസ് മേധാവിയെ ഇതുവരെ കണ്ടിട്ടില്ല, പോലീസ് ഡ്രസ്സ് കോഡ് പാലിക്കാതെയാണ് അദ്ദേഹം ജനമധ്യത്തില്‍ എത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പോലീസ് ലോഗോയുടെ നിറംമാറ്റം അങ്ങേയറ്റം തരംതാണ പ്രവൃത്തി ആണെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ആണെന്നും മുഖ്യമന്ത്രിയും ഡിജിപിയും സേനയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും, അതങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ ഡി ജി പിയും കൂട്ടുനില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തുമെന്നും ഇത്തരം തരംതാണ പ്രവൃത്തിയിലൂടെ ബെഹ്റ തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments