ആലുവ: ഇരുചക്രവാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദ്ദിച്ചതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് സ്കൂട്ടറിലെത്തിയ യുവതി കൈയ്യേറ്റം ചെയ്തത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. യുവതി എത്തിയ സ്കൂട്ടർ കാർ പാർക്കിങ്ങിൽ നിന്ന് മാറ്റി വയ്ക്കാൻ റിങ്കു ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്നും, സ്കൂട്ടറിന്റെ സ്റ്റാൻഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മർദ്ദിച്ചതെന്നും റിങ്കു പറഞ്ഞു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനും ആലുവ പോലീസ് കേസെടുത്തു.
Post Your Comments