കോട്ടയം: മാണി സി. കാപ്പൻ നൽകാമെന്നു പറഞ്ഞ ഭൂമി ഇപ്പോൾ ജപ്തി നടപടിയിലാണെന്ന് വ്യവസായിയായ ദിനേശ് മേനോൻ. എന്നാൽ പ്രളയം മൂലം മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ കോട്ടയം കാർഷിക ഗ്രാമ വികസന ബാങ്ക് തൽക്കാലം ജപ്തി നടപടി നിർത്തിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷിനുമെതിരെ മാണി സി. കാപ്പൻ 2013ൽ സിബിഐക്കു നൽകിയ മൊഴിയുടെ പകർപ്പെന്ന് അവകാശപ്പെട്ടുള്ള രേഖകൾ കഴിഞ്ഞ ദിവസം ആർഎസ്പി നേതാവ് ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്.
ഒറ്റപ്പാലം സ്വദേശി ദിനേശ് മേനോൻ പറയുന്നതു പ്രകാരം, 3.5 കോടി രൂപ തട്ടിയെടുത്തതിനു പകരം കാപ്പൻ നൽകിയ ചെക്കുകൾ മടങ്ങിയപ്പോണ് കുമരകത്തു സ്ഥലം നൽകാമെന്ന നിർദേശമുണ്ടായത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സന്ദർശനത്തോടെ പ്രശസ്തിയിലെത്തിയ ഭൂമി എന്ന നിലയിലായിരുന്നു ഈ വാഗ്ദാനം. വാജ്പേയി താമസിച്ച താജ് ഹോട്ടലിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ, കവണാറ്റിൻകര ചക്രംപടിക്കു പടിഞ്ഞാറ് എസ്എൻ ലൈബ്രറിക്കു സമീപം 2 പ്ലോട്ടുകളായാണ് കാപ്പന്റെ ഭൂമി.
കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് 8 വർഷം മുൻപ് ആറിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഈടു വച്ചാണ് 20 ലക്ഷം വായ്പ എടുത്തത്. ഇപ്പോൾ പലിശ അടക്കം 49 ലക്ഷം രൂപയായി. ഇതിനിടെ 2 വർഷം മുൻപ് പണം അടയ്ക്കാതെ വന്നതോടെ ബാങ്ക് സ്ഥലം ജപ്തി ചെയ്തു. അടുത്തകാലം വരെ ഭൂമി ജപ്തി ചെയ്തുവെന്ന ബാങ്കിന്റെ ബോർഡും ഇവിടെ സ്ഥാപിച്ചിരുന്നു.
Post Your Comments