ന്യൂഡല്‍ഹി: ഹരിയാന മുന്‍ പി.സി.സി. അധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അശോക് തന്‍വാറിന്റെ രാജി. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം അശോക് തന്‍വറും അനുയായികളും ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
പാര്‍ട്ടി കടുത്ത ആന്തരിക വൈരുദ്ധ്യങ്ങള്‍ അനുഭവിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ അശോക് തന്‍വാര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ എതിരാളികള്‍ കാരണമല്ല ഈ പ്രതിസന്ധി, പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെയാണ് പ്രശ്‌നമെന്നും അശോക് തന്‍വര്‍ കുറിച്ചു. ഏറെ മാസങ്ങളായുള്ള ആലോചനകള്‍ക്കു ശേഷമാണ് എന്റെ വിയര്‍പ്പും രക്തവുംകൊണ്ട് വളര്‍ത്തിയ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത്.
വ്യക്തികളോടല്ല, പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണെന്നും അദ്ദേഹം പറയുന്നു. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ അടക്കമുള്ളവര്‍ക്കെതിരായാണ് അശോക് തന്‍വര്‍ ആരോപണം ഉന്നയിച്ചത്. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സീറ്റുകള്‍ പ്രഖ്യാപിച്ചെന്നാണ് അശോക് തന്‍വറിന്റെ ആരോപണം. ഹരിയാന കോണ്‍ഗ്രസ് നേതൃത്വം പണം വാങ്ങി തെരഞ്ഞെടുപ്പ് സീറ്റുകള്‍ വില്‍പന നടത്തുകയാണെന്നും അശോക് തന്‍വാര്‍ പറയുന്നു.
Post Your Comments