തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പരീക്ഷാക്രമക്കേട് സംബന്ധിച്ച് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം. മര്‍ദ്ദിച്ചത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍.
വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലാണ് വിദ്യാര്‍ഥിനിക്ക് മര്‍ദനം നേരിടേണ്ടി വന്നത്. കോളജിലെ ക്രമക്കേടില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ ആണ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ മര്‍ദിച്ചത്. ആര്യ അനില്‍ എന്ന വിദ്യാര്‍ഥിനിയെയാണ് മര്‍ദിച്ചത്. മൊബൈല്‍ ഫോണില്‍ കോളജിന്റെ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ നേരത്തെ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു. കോളജില്‍ ഇനി പരീക്ഷാ സെന്റര്‍ അനുവദിക്കേണ്ടെന്നും ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്ന് ഭീമമായ ഫീസ് വാങ്ങിയ ശേഷം ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതിരുന്ന വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു. കോളജിലെ വിദ്യാര്‍ഥികളെ മറ്റു കോളജിലേക്ക് മാറ്റണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വര്‍ക്കല എസ്.ആര്‍ കോളജില്‍ അടിമുടി ക്രമക്കേടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം കെട്ടി, മെഡിക്കല്‍ കൗണ്‍സിലര്‍ പറയുന്ന ഡോക്ടര്‍മാരില്ല, രോഗികളില്ല, ജീവനക്കാരില്ല, എന്തിന് പ്രിന്‍സിപ്പല്‍ നിയമനം വരെ തെറ്റാണ്, വിജിലന്‍സ് പരിശോധന നടന്ന ദിവസം കണ്ടതില്‍ കൂടുതലും വാടക രോഗികള്‍, കെ.എസ്.ഇ.ബി കണക്ഷന്‍ പോലുമില്ല- ഇങ്ങനെ വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന കോളജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് വിജിലന്‌സിന്റെ പ്രധാന ശിപാര്‍ശ.
Post Your Comments