കൽപറ്റ: കോഴിക്കോട്-കൊല്ലഗല്‍ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരത്തിലൂടെ യുവജനസംഘടനകള്‍ തിരികൊളുത്തിയ സമരം ശക്തമാകുകയാണ്. ഈ സമരത്തിന് പിന്തുണ അറിയിക്കാനും വിഷയം ദേശീയ ശ്രദ്ധയിൽപ്പെടുത്താനും രാഹുല്‍ ഗാന്ധി ഇന്ന് സമരപന്തലിലെത്തും. നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടക്കുന്ന വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കാവും രാഹുല്‍ഗാന്ധി എം.പി. സമരപ്പന്തലിലെത്തുക.
അയല്‍ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമുള്‍പ്പെടെ പതിനായിരത്തോളംപേരാണ് വ്യാഴാഴ്ചയും യുവജന നേതാക്കളുടെ നിരാഹാരസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലിലെത്തിയത്. മഴയും വെയിലും വകവെക്കാതെ എല്ലാ ദിവസവും സ്ത്രീകളും കുട്ടികളുമടക്കം ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലേക്ക് ഒഴുകിയെത്തുകയാണ്.
രാത്രിയാത്രാനിരോധനം പിന്‍വലിക്കുക, പാത പൂര്‍ണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗണ്സിലറുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവരുടെ ആരോഗ്യനില വഷളായിത്തുടങ്ങിയിട്ടുണ്ട്. നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്ക് പിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍ അഞ്ചുദിവസമായി ഉപവാസം അനുഷ്ഠിച്ചുവരുകയാണ്. സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് വിവിധ സംഘടനകളും വ്യക്തികളുമെല്ലാം സമരപ്പന്തലില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.
Post Your Comments