തിരുവനന്തപുരം: കിയാല്‍ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി.കാപ്പന്‍ സിബിഐയ്ക്കു നല്‍കിയ മൊഴി പുറത്ത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി കോടിയേരിക്ക് മുംബൈ വ്യവസായി പണം നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ മൊഴി. 2013ല്‍ കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയുടെ കൂടുതല്‍ രേഖകള്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണു ഷിബു ബേബിജോണ്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാവുന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെയാണ് കാപ്പന്റെ മൊഴി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുംബൈ മലയാളി ദിനേശ് മേനോന്‍ കോടിയേരിക്കും മകനും പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണു ഷിബു ബേബിജോണ്‍ പുറത്തുവിട്ടത്.മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു.
കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരികള്‍ വിതരണം ചെയ്യുന്ന സമയത്ത് ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷ് കോടിയേരിയെയും പരിചയപ്പെടണം എന്ന ആവശ്യവുമായി എത്തിയെന്നും താന്‍ അവരെ പരിചയപ്പെടുത്തിയെന്നും മാണി സി കാപ്പന്റെ മൊഴിയില്‍ പറയുന്നു. പണം കൊടുക്കല്‍ നടത്തിയതിനു ശേഷം ദിനേശ് മേനോന്‍ പറഞ്ഞപ്പോഴാണു ചില പേയ്‌മെന്റുകള്‍ നടത്തിയെന്നു മനസിലാക്കാന്‍ സാധിച്ചതെന്നും മൊഴിയില്‍ പറയുന്നു.
ഈ വിഷയത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി. കാപ്പന്‍ നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പേര് പറഞ്ഞ് സിബിഐയ്ക്ക് എഴുതി നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത് –
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’
– ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!
Post Your Comments