Latest NewsNewsIndia

ഹൈദരാബാദ് നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച സ്വത്തില്‍ പാക്കിസ്ഥാന് അവകാശമില്ലെന്ന് യുകെ കോടതി വിധി വന്നതോടെ കോടിക്കണക്കിന് പണം വീതിച്ച് നല്‍കേണ്ടത് നിസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക്

ഇംഗ്ലണ്ട് : ഹൈദരാബാദ് നിസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച സ്വത്തില്‍ പാക്കിസ്ഥാന് അവകാശമില്ലെന്ന് യുകെ കോടതി വിധി വന്നതോടെ കോടിക്കണക്കിന് പണം വീതിച്ച് നല്‍കേണ്ടത് നിസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് .120 പിന്തുടര്‍ച്ചാവകാശികള്‍ക്കാണ് തുക വീതിച്ച് നല്‍കേണ്ടത്. ഇന്ത്യാ വിഭജനവേളയിലാണ് ഹൈദരാബാദിലെ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ യു.കെയില്‍ തന്റെ സമ്പാദ്യം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചത്. സ്വത്തിന്റെ ഇന്നത്തെ മൂല്യം 306 കോടി രൂപയാണ്.

നിസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്കും ഇന്ത്യയ്ക്കും അവകാശപ്പെട്ടതാണ് ഈ സ്വത്തെന്നു ജസ്റ്റിസ് മാര്‍കസ് സ്മിത്ത് കഴിഞ്ഞ ദിവസമാണു വിധിച്ചത്. ലണ്ടനിലെ നാറ്റ്‌വെസ്റ്റ് ബാങ്കില്‍ നിസാമിന്റെ പേരിലുള്ള 3.5 കോടി പൗണ്ട് സംബന്ധിച്ചായിരുന്നു തര്‍ക്കം. 1948 ല്‍ നിസാമിന്റെ രാജ്യം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായപ്പോള്‍ അന്നത്തെ നിസാം ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷണറുടെ അക്കൗണ്ടിലേക്കു മാറ്റിയ 10,07,940 പൗണ്ട് 9 ഷില്ലിങ് പെരുകിയാണ് ഇത്രയും തുക ആയത്. പണം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ 2013ലാണു ലണ്ടന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇന്ത്യയ്ക്ക് അനുകൂലമായാണു വിധിച്ചത്.

ഇന്ത്യന്‍ സര്‍ക്കാര്‍, ‘നിസാം എസ്റ്റേറ്റിന്റെ’ പ്രതിനിധികളായ മുഖരം ഝാ, മുഫാഖം ഝാ, നിസാമിന്റെ കൊച്ചുമക്കള്‍, എസ്റ്റേറ്റിന്റെ ഭാഗമായ മറ്റു 120 പേര്‍ എന്നിവര്‍ക്കായി സ്വത്ത് വീതിക്കുമെന്നു നിസാമിന്റെ കുടുംബവൃത്തങ്ങള്‍ അറിയിച്ചു. പണത്തിന്റെ മൂല്യത്തേക്കാള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്‌നമായാണു ‘ഹൈദരാബാദ് ഫണ്ട്’ എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ഇരുരാജ്യവും കണ്ടിരുന്നത്. കോടതി വിധി അനുകൂലമായതു നിസാമിന്റെ കുടുംബത്തിനൊപ്പം രാജ്യത്തിനും നേട്ടമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button