ന്യൂഡൽഹി: തീവ്രവാദത്തിനായി ധനസഹായം നല്‍കുന്നവരെ ഉടൻ പിടികൂടുമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദി. ഭീകരവാദ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ വസ്തുതകളെ സംബന്ധിച്ചുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷയില്‍ വച്ചു നടന്ന പരിശീലന പരിപാടിയില്‍ ഡിജിപി ബിജയ് കുമാര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തീവ്രവാദികളെയും കമ്മ്യൂണിസ്റ്റ് ഭീകരരെയും അന്താരാഷ്ട്ര ഭീകരരെയും കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതായ രഹസ്യ നീക്കങ്ങളെ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം ശില്‍പശാലയില്‍ പങ്കുവെച്ചു.
മൊഴികളുടെ അടിസ്ഥാനത്തിലോ ഡോക്യുമെന്ററി തെളിവുകള്‍ കൊണ്ടോ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. അതിനായി പലപ്പോഴും ഫോറന്‍സിക് തെളിവുകളോ മറ്റു സാങ്കേതിക തെളിവുകളോ ആവശ്യമായി വരും അതുകൊണ്ട് തന്നെ അവയെ കണ്ടെത്തി ഒരു സൂപ്പര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും നാം പ്രതിജ്ഞാബദ്ധരാണെന്ന് ഡിജിപി ബിജയ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലായ്‌പ്പോഴും സങ്കീര്‍ണമാണ്. അന്വേഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ സഹായകമാകുമെന്നും ഭീകരരെ അമര്‍ച്ച ചെയ്യുന്നതില്‍ നാം കൂടുതല്‍ ഊര്‍ജ്ജസ്വലരാകണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Post Your Comments