വര്‍ക്കല: പൊലീസിനെ പൂട്ടിയിട്ട് കുട്ടിക്കുറ്റവാളികളുടെ മോഷണം. പാപനാശം ബീച്ചില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ പൂട്ടിയിട്ട് ജനാര്‍ദന സ്വാമി ക്ഷേത്ര ബലിമണ്ഡപത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാനാണ് കുട്ടികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പൂജപ്പുര ജുവനൈല്‍ ഹോമില്‍ നിന്നും നെടുമങ്ങാട് ചിന്മയ ജുവനൈല്‍ഹോമില്‍നിന്നും ചാടിയ രണ്ടുപേര്‍ സംഭവസ്ഥലത്തു നിന്നും പിടിയിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പാപനാശം തീരത്ത് ഡ്യൂട്ടി കഴിഞ്ഞ ബീച്ച് പൊലീസുകാര്‍ ബലി മണ്ഡപത്തിനോട് ചേര്‍ന്ന പൊലീസ് റൂമിലെത്തി യൂണിഫോം മാറുന്നതിനിടെയാണ് ‘കുട്ടി മോഷ്ടാക്കള്‍’ സ്ഥലത്തെത്തിയത്.
ഒരു എഎസ്‌ഐ അടക്കം മൂന്നു പൊലീസുകാര്‍ റൂമിലുണ്ടായിരുന്നു. മോഷണത്തിന് മുന്‍പായി മുറിയുടെ വാതിലിന്റെ ഓടാമ്പല്‍ പുറത്തു നിന്നു പൂട്ടിയ ശേഷം ഭാരമേറിയ കാണിക്കവഞ്ചി മണ്ഡപത്തില്‍ നിന്നു പുറത്തേക്ക് കൊണ്ടു വന്നു പിന്നാമ്പുറത്ത് കല്ലു ഉപയോഗിച്ചു പൊളിക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട പൊലീസുകാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെ പുറത്തു നിന്നു പൂട്ടിയിട്ടതായി മനസ്സിലാക്കി. അതോടെ പൊലീസുകാര്‍ നാട്ടുകാരില്‍ ചിലരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു.
പൊലീസുകാരെ സഹായിക്കാന്‍ എത്തിയവര്‍ മുറി തുറന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കാണിക്കവഞ്ചിയും പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാക്കളെയും കണ്ടെത്തിയത്. പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച കല്ലും സമീപത്തു നിന്ന് കിട്ടി. കുട്ടികളെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ ഇവരാണ് മോഷ്ടിച്ചതെന്നും പൂജപ്പുര ജുവൈനല്‍ ഹോമില്‍ നിന്നും നെടുമങ്ങാട് ചിന്മയ ജുവനൈല്‍ ഹോമില്‍നിന്നും ചാടിയവരാണെന്നും സമ്മതിച്ചു.
Post Your Comments