മാവേലിക്കര: സ്‌കൂട്ടറില്‍ സഞ്ചരിച്ചും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളില്‍ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയില്‍ വീട്ടില്‍ രവികുമാര്‍ നായര്‍ (49) ആണ് അറസ്റ്രിലായത്. സമ്പന്ന കുടുംബത്തില്‍പ്പെട്ട രവികുമാര്‍ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിരതാമസം. പൂനെയില്‍ കേരള സ്റ്റോര്‍ എന്ന പേരില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റും കേരള മെസ് എന്ന പേരില്‍ ഹോട്ടലും നടത്തുന്ന ഇയാള്‍ ആര്‍.കെ. നായര്‍ എന്നാണ് അവിടെ അറിയപ്പെടുന്നത്. നാട്ടിലെത്തുമ്പോള്‍ സുഹൃത്തുക്കളുടെ പ്രിയപ്പെട്ട രവിയണ്ണനായി മാറും.
കഴുത്തില്‍ ഒന്നിലധികം സ്വര്‍ണനിറമുള്ള മാലകളും വിരലുകള്‍ നിറയെ മോതിരവും ധരിച്ച് മാത്രമേ ഇയാളെ നാട്ടുകാര്‍ കണ്ടിട്ടുള്ളു. സെപ്തംബര്‍ ഒന്നിന് രാവിലെ 8.45ന് വഴുവാടി വായനശാലയ്ക്ക് സമീപം സ്‌കൂട്ടറിലെത്തി, സരള എന്ന സ്ത്രീയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചെടുത്തകേസുമായി ബന്ധപ്പെട്ട് മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് രവികുമാറിനെ അയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ബിസിനസില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ പണമുണ്ടാക്കാനായി ഇയാള്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു മാലമോഷണം.
പൂനയില്‍ നിന്നു വാങ്ങിക്കൊണ്ടുവരുന്ന മുക്കുപണ്ടം മാലകളുമായി ക്ഷേത്ര പരിസരങ്ങളില്‍ കറങ്ങിനടന്ന് ഒറ്റയ്ക്ക് വരുന്ന വൃദ്ധ സ്ത്രീകളെ, അമേരിക്കയില്‍ ജോലിയുള്ള ആളാണെന്ന വ്യാജേന പരിചയപ്പെടും. തന്റെ മകള്‍ക്ക് ജോലിയുടെ കാര്യത്തിനായി ക്ഷേത്രത്തില്‍ സ്വര്‍ണമാല നേര്‍ച്ച നേര്‍ന്നിട്ടുണ്ടെന്നും കൈയിലുള്ള മാല 10 പവന്റേതാണെന്നും അത് ക്ഷേത്രത്തില്‍ കൊടുക്കുന്നതിന് പകരം ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് മുക്കുപണ്ടം മാല ഇവര്‍ക്ക് നല്‍കി പകരം അവരുടെ ചെറിയ സ്വര്‍ണമാല വാങ്ങിയെടുക്കുന്നതാണ് പതിവ്.
തട്ടിപ്പിന് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ആക്ടീവ സ്‌കൂട്ടറാണ് ഇയാള്‍ ഉപയോഗിക്കുന്നത്. വഴുവാടിയിലെ കവര്‍ച്ച നടന്ന സ്ഥലത്തു നിന്ന് ലഭിച്ച സി.സി.ടി വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. പന്തളത്തെ തുണിക്കടയില്‍ നിന്നു വസ്ത്രങ്ങള്‍ വാങ്ങിയ ഇയാളുടെ ഹെല്‍മറ്റില്ലാത്ത ദൃശ്യം ലഭിച്ചത് വഴിത്തിരിവായി. നാട്ടിലേക്കുള്ള ഒരു വരവില്‍ ഒന്നോ രണ്ടോ തട്ടിപ്പു നടത്തിയ ശേഷം സ്വര്‍ണം വിറ്റു കാശാക്കി വിമാനത്തില്‍ പൂനെയിലേക്ക് കടക്കുകയാണ് പതിവ്.വഴുവാടിയിലെ കവര്‍ച്ചയ്ക്കു ശേഷം പൂനയിലേക്ക് കടന്ന ഇയാള്‍ കുറച്ചു ദിവസം മുമ്പാണ് തിരികെയെത്തിയത്.
അറസ്റ്റ് ചെയ്യുന്ന സമയം കഴുത്തില്‍ 2 മുക്കുപണ്ടം മാലകളുണ്ടായിരുന്നു. ഇവ തട്ടിപ്പിനായി കൊണ്ടുവന്നതാണെന്ന് രവികുമാര്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രവികമാറിനെ റിമാന്‍ഡ് ചെയ്തു. രവികുമാര്‍ നായര്‍ പിടിയിലായെതറിഞ്ഞ് ഇന്നലെ മാത്രം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തിയത് പത്ത് പേരാണ്.
Post Your Comments