ചെര്‍പ്പുളശ്ശേരി : ദമ്പതികള്‍ ചമഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഉടമയുടെ വീട്ടില്‍ നിന്ന് 15 പവനുമായി മുങ്ങി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. നെല്ലായ പുലാക്കാട് ഗ്രാമത്തിലാണ് സംഭവം.ആലത്തൂര്‍ പുളിങ്കൂട്ടം ചല്ലിത്തറ വീട്ടില്‍ ദേവദാസ്(49), കണ്ണമ്പ്ര ഭഗവതിപ്പറമ്പ് സന്ധ്യ(39) എന്നിവരെയാണു ചെര്‍പ്പുളശ്ശേരി സിഐ പി.പ്രമോദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പുലാക്കാട് അയിനിക്കത്തൊടി വീട്ടില്‍ അബ്ദുല്‍ഖാദറിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളാണു ‘ദമ്പതികള്‍’ തട്ടിയത്.
അബ്ദുല്‍ഖാദറിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള വാടകവീട്ടില്‍ 9 മാസമായി ഇവര്‍ താമസിച്ചു വരികയായിരുന്നു. അബ്ദുല്‍ഖാദറിന്റെ കുടുംബത്തോട് വലിയ ചങ്ങാത്തത്തിലായിരുന്നു ഇവര്‍. ഖാദറും കുടുംബവും ഞായറാഴ്ച ബന്ധുവിന്റെ വീട്ടില്‍ വിവാഹത്തിനു പോയപ്പോഴായിരുന്നു തട്ടിപ്പ്.
തങ്ങളുടെ കൈവശം സ്വര്‍ണം നല്‍കണമെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞതായി ഭാര്യാമാതാവിനോട് ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് അലമാരയുടെ താക്കോല്‍ കൈമാറി. അലമാര തുറന്ന് ആഭരണം കൈക്കലാക്കി രണ്ടു പേരും സ്ഥലം വിട്ടു. സ്വര്‍ണം വടക്കാഞ്ചേരിയിലെ സ്വര്‍ണക്കടയില്‍ നിന്ന് 15 പവന്‍ ഉരുക്കിയ നിലയില്‍ കണ്ടെടുത്തു.
Post Your Comments