സൗത്ത് കരോലിന: ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് സംഭവിക്കും? പിന്നെ അതിന്റെ കാര്യം നോക്കേണ്ട. എന്നാല്‍ മാസങ്ങളോളം വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഐ ഫോണ്‍. നദിയുടെ അടിത്തട്ടില്‍ കിടന്ന ഐഫോണ്‍ പുറത്തെടുത്ത് ചാര്‍ജ്ജ് ചെയ്തപ്പോള്‍ അത് വീണ്ടും പ്രവര്‍ത്തിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ മൈക്കിള്‍ ബെന്നറ്റ് ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സൗത്ത് കരോലിനയിലെ എഡിസ്റ്റോ നദിയില്‍ നീന്തുന്നതിനിടെയാണ് നദിയുടെ അടിത്തട്ടില്‍ ചെളിപുരണ്ട ഒരു ഐഫോണ്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ ബെന്നറ്റ് ഒരു കൗതുകത്തിന് വേണ്ടി ഫോണിന്റെ കവര്‍ നീക്കം ചെയ്ത് അത് ചാര്‍ജ് ചെയ്തു. എന്നാല്‍ ബെന്നറ്റിനെ ഞെട്ടിച്ച് കൊണ്ട് ഫോണില്‍ ചാര്‍ജ് കയറാന്‍ തുടങ്ങി. ഇതിന് പിന്നിലെ സത്യം മനസ്സിലാക്കിയപ്പോഴാണ് യുട്യൂബര്‍ ശരിക്കും അമ്പരന്നത്, ഫോണ്‍ വെള്ളത്തില്‍ വീണത് ഏകദേശം പതിനഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു.
ഒരു വാട്ടര്‍പ്രൂഫ് കവറിനുള്ളിലായിരുന്നു ഐഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ബെന്നറ്റ് വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചതോടെ ഫോണിന്റെ യഥാര്‍ത്ഥ ഉടമയെയും കണ്ടെത്തി. മരിച്ചുപോയ തന്റെ പിതാവയച്ച ഏറെ വിലപ്പെട്ട സന്ദശേങ്ങള്‍ ഫോണിലുണ്ടായിരുന്നെന്ന് ബെന്നറ്റിന് നന്ദി പറഞ്ഞ് ഫോണിന്റെ ഉടമ എറിക പറഞ്ഞു.. ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലിന് ഉടമയാണ് മൈക്കിള്‍ ബെന്നറ്റ്. സെപ്തംബര്‍ 26 ന് പങ്കുവെച്ച വീഡിയോ ഇതുവരെ 1.3 ലക്ഷം ആളുകളാണ് കണ്ടത്.
Post Your Comments