ഗുരുവായൂർ: കർണാടകസംഗീതാസ്വാദകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പേരാണ് ഗുരുവായൂർ ആർ. വെങ്കിടേശ്വരൻ. കച്ചേരികളും സംഗീതാർച്ചനകളുമായി വിശ്രമമില്ലാത്ത നവരാത്രികാലത്താണ് ആ സംഗീതജ്ഞന്റെ വിയോഗമെന്നത് വേദനിപ്പിക്കുന്നതായി. പ്രശസ്ത കർണാടകസംഗീതജ്ഞൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അരുമശിഷ്യനായതുകൊണ്ട് വെങ്കിടേശ്വരൻ മാഷിന്റെയടുത്ത് സംഗീതം അഭ്യസിക്കാൻ ഒരുപാടുപേർ എത്തി.
പടിഞ്ഞാറേനടയിലെ ‘വിഷ്ണുമഠം’ എന്നുപേരുള്ള തന്റെ വീട് ശുദ്ധസംഗീതത്തിന്റെ മഠംതന്നെയായിരുന്നു. സംഗീതം പഠിക്കാൻ വരുന്നവരോട് അദ്ദേഹം പറയുന്ന കർശനവാക്കുകളുണ്ട്; ‘ഇടയ്ക്കുവെച്ച് നിർത്താനാണെങ്കിൽ വരേണ്ട, നന്നായി മനസ്സർപ്പിക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം മതി’. പാട്ടു പഠിപ്പിക്കുന്നതിൽ അതികർശനക്കാരനായതുകൊണ്ട് ശിഷ്യന്മാരുടെ എണ്ണം കൂട്ടാനുള്ള കച്ചവടക്കണ്ണ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഗുരുകുലസമ്പ്രദായവഴികളിലൂടെ ചിട്ടയായ പഠനരീതിയായിരുന്നു വെങ്കിടേശ്വരൻ മാഷിന്റെ പ്രത്യേകത.
Post Your Comments