ബംഗളൂരു : ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി നല്കി തന്നെ മാനഭംഗം ചെയ്തയാളെ പരസ്യമായി ചെരുപ്പു കൊണ്ടടിച്ച് യുവതി. ബംഗളൂരുവില്‍ രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിനു സമീപമാണ് സംഭവം നടന്നത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ” കാര്യങ്ങളെ നിസ്സാരമായി കാണാമെന്ന് നീ കരുതുന്നുണ്ടോ?, ഒരു സ്ത്രീയെ ഉപദ്രവിച്ചിട്ട് നിന്റെ വഴിക്കു പോകാമെന്ന് നീ കരുതുന്നുണ്ടോ?” എന്നീ ചോദ്യങ്ങളോടെയാണ് തന്നെ മാനഭംഗം ചെയ്തയാളെ യുവതി പരസ്യമായി കൈയേറ്റം ചെയ്തത്. തന്നെ മാസങ്ങളായി പിന്തുടര്ന്ന് ഉപദ്രവിക്കുന്ന അക്രമിയുടെ കോളറില്‍ പിടിച്ചു വലിച്ച് അയാളെ ചെരുപ്പുകൊണ്ടു തല്ലിയാണ് യുവതി ദേഷ്യം തീര്‍ത്തത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
സംഭവത്തെ കുറിച്ച് യുവതി നല്കിയ പരാതി ഇങ്ങനെ :
‘ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. പരിചയപ്പെട്ട് കുറച്ചു നാളുകള്‍ക്കകം തന്നെ പ്രണയിക്കണമെന്നു പറഞ്ഞ് സുനില്‍ യുവതിയോട് നിരന്തരമായി ആവശ്യപ്പെടുമായിരുന്നു. മെയ് 18 ന് സുനില്‍ യുവതിക്ക് ശീതളപാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയും അവളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി മാനഭംഗം ചെയ്യുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുകാട്ടി അവളെ ഭീഷണിപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്തു.
ജോലിയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങുന്ന യുവതിയെ സ്ഥിരമായി പിന്തുടരുകയും താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സുനില്‍, തന്റെ ഇംഗിതങ്ങള്‍ക്ക് യുവതി വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ യുവതി സുനിലിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സുനിലിനോടാവശ്യപ്പെടുകയും ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ യുവതി തനിക്കെതിരെ പരാതി നല്‍കിയതോടെ യുവതിയെ നിരന്തരം പിന്തുടരുന്നതിനൊപ്പം യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി അവര്‍ക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുവാനും ആരംഭിച്ചു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്കു പോകാനിറങ്ങിയ യുവതിയെ സുനില്‍ പിന്തുടരുകയും ദൃശ്യങ്ങള്‍ കുടുംബാംഗങ്ങളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുനിലിന്റെ നിരന്തരമായ ഭീഷണിയില്‍ മനസ്സു മടുത്ത യുവതി പെട്ടന്നുള്ള ദേഷ്യത്തില്‍ തന്നെ പിന്തുടര്‍ന്ന സുനിലിനെ വലിച്ച് റോഡിലിടുകയും തന്റെ ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ കാര്യമന്വേഷിക്കുകയും യുവതി അവരോട് സുനിലിന്റെ ശല്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതോടെ സുനിലിനെ മര്‍ദ്ദിക്കാന്‍ യുവതിയുടെ അയല്‍ക്കാരും ഒപ്പം കൂടി. പൊലീസെത്തും വരെ സുനിലിനെ അവര്‍ അവിടത്തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പേരില്‍ സുനിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’
Post Your Comments