ദില്ലി: ജമ്മു കശ്മീരിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവിടെ സ്ഥിതി ശാന്തമാണ്. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ വിമര്ശനമുന്നയിച്ചു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ് രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര പി പിന്തുണയുണ്ട് , ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നതിൽ അവർക്ക് ആർക്കും തർക്കമില്ല. അമിത് ഷാ പറഞ്ഞു.
കശ്മീരിലെ 196 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പിൻവലിച്ചു. അക്രമമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുള്ള ഒമ്പത് പൊലീസ് സ്റ്റേഷൻ പരിധികളിൽ മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ ഉള്ളത്.ഇവിടെ മാത്രമാണ് വലിയ പ്രകടനങ്ങൾ നടത്തുന്നതിന് അനുമതി നിഷേധിച്ചിട്ടുള്ളതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. ”കശ്മീരിൽ ആർക്കും എവിടേയ്ക്കും സന്ദർശിക്കാം. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ കശ്മീർ സന്ദർശിച്ച് മടങ്ങുന്നു”, എന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി .
ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ഇന്ത്യക്കെതിരെ ഒരു ലോകനേതാക്കളും കശ്മീർ വിഷയം ഉന്നയിക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവിജയമാണെന്നും അദ്ദേഹം പറഞ്ഞു.370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഇന്ത്യയുടെ ഐക്യത്തിന് സഹായിക്കുമെന്ന് പറഞ്ഞ ഷാ, കശ്മീരിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാവുമെന്നും പറഞ്ഞു.
Post Your Comments