കൊച്ചി: യുണൈറ്ററ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിന്റെ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം രൂപ വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ജാസ്മിന്‍ ഷായുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് ഈ അക്കൗണ്ടിലേക്ക് കേസിലെ പ്രതികളെന്ന് കണ്ടെത്തിയിട്ടുള്ള നാല് പേരുടെ അക്കൗണ്ടില്‍ നിന്ന് 73,80000 രൂപ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തുള്ള ജാസ്മിന്‍ഷായുടെ ഭാര്യയുടെ നാട്ടിലുള്ള ബാങ്ക് അക്കൗണ്ടാണിത്.
ജാസ്മിന്‍ഷാ നേരിട്ട് നടത്തിയിട്ടുള്ളതാണ് ഈ ക്രമക്കേടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ജാസ്മിന്‍ഷായുടെ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ 24 ലക്ഷത്തോളം രൂപയാണ് ഈ അക്കൗണ്ടിലെത്തിയിട്ടുള്ളത്. യുഎന്‍എയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെ പ്യൂണിന്റെ അക്കൗണ്ടില്‍ നിന്ന് 18 ലക്ഷത്തോളം രൂപയും ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇതെല്ലാം തന്നെ യുണൈറ്ററ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ട് വകമാറ്റിയതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ആറ് അക്കൗണ്ടുള്ള ഇവരുടെ ഒരു അക്കൗണ്ട് മാത്രമാണ് ഇപ്പോള്‍ പരിശോധിച്ചിട്ടുള്ളത്. ഇതുകൂടി പരിശോധിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
Post Your Comments