ആലപ്പുഴ: അരൂരില്‍ ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശന്. ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരത്തെ വന്നിരുന്നു. ഈഴവ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയില്ലെങ്കിലും രണ്ട് മണ്ഡലത്തിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഈ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് സമുദായ നേതാക്കളല്ല എന്ന് ഷാനിമോള്‍ ഉസ്മാനവും പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാനി മോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന് ചിലര്‍ പറയുന്നത് കേട്ടു, അപ്പോള്‍ ഷാനി മോള് പറഞ്ഞതില്‍ എത്ര ശരിയുണ്ടെന്ന് എനിക്ക് അറിയില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ശരിയാണോ തെറ്റാണോ എന്ന് അറിയില്ലെന്നും കൈയ്യടിക്ക് വേണ്ടി പലരും പലതും പറയുമ്പോഴും അതിന് പുറകില്‍ പലതും കാണും എല്ലാരും നിക്കട്ടെ എന്നിട്ട് കാണാം എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തന്റെ നിര്‍ദ്ദേശം മുന്നണികള്‍ വിലയ്ക്കെടുത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എസ്.എസ് നോമിനിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഷാനിമോള്‍ക്ക് സഹതാപതരംഗമുണ്ടാവണമെന്നില്ല. സഹതാപം എന്തുമാത്രം നിലനിര്‍ത്താനാകുമെന്ന് കാത്തിരുന്ന് കാണണം. കാര്യങ്ങള്‍ തെളിഞ്ഞുവരട്ടെ. എന്നിട്ട് കൂടുതല്‍ അഭിപ്രായം പറയാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Post Your Comments