റിയാദ് : സൗദിയില്‍ വസ്ത്രധാരണം സംബന്ധിച്ച് പുതിയ പെരുമാറ്റചട്ടം. രാജ്യത്ത് പൊതുമര്യാദയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്. 50 റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ലഭിക്കുന്ന 19 കുറ്റങ്ങളാണ് പുതിയ ചട്ടങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും.
അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റചട്ടങ്ങള്‍. വിദേശികളായ വനിതാ ടൂറിസ്റ്റുകള്‍ക്ക് പര്‍ദ നിര്‍ബന്ധമില്ലെങ്കിലും സ്ത്രീകളും പുരുഷന്‍മാരും മാന്യമായ വസ്ത്രധാരണം പാലിച്ചിരിക്കണം. ഇറുകിയതോ പൊതു സംസ്‌കാരത്തിന് അനുയോജ്യമല്ലാത്തതോ ആയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ പാടില്ല. ലൈംഗിക ചുവയുള്ളതും ലജ്ജയുണ്ടാക്കുന്നതുമായ പെരുമാറ്റങ്ങള്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തും. ബാങ്കിനും നമസ്‌കാരത്തിനുമിടയില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 1000 റിയാലാണ് പിഴ. പൊതു സ്ഥലങ്ങളിലേക്ക് അനുയോജ്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് 100 റിയാലാണ് പിഴ ചുമത്തുക. വസ്ത്രങ്ങളിലൂടെ വര്‍ഗ്ഗീയതയും വിഭാഗീയതും അനാശാസ്യവും പ്രചരിപ്പിക്കുന്നതും 500 റിയാല്‍ പിഴ ചുമത്തുന്ന കുറ്റകൃത്യമാണ്. അനുമതി കൂടാതെ അപകടങ്ങളും കുറ്റകൃത്യങ്ങളും ആളുകളെയും, ചിത്രീകരിക്കുന്നതിന് 1000 റിയാല്‍ പിഴ ചുമത്തുവാനാണ് പുതിയ ചട്ടം അനുശാസിക്കുന്നത്.
Post Your Comments