കല്‍പ്പറ്റ: ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയ പോലീസിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. വയനാട് കല്‍പ്പറ്റ ടൗണില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്ന ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനാണ് പൊലീസ് പിഴയീടാക്കിയത്. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പുതിയ നിയമ പ്രകാരം 1000 രൂപ പോലീസ് പിഴയിട്ടു. എന്നാല്‍ പിഴയടക്കാന്‍ ഷംസുദീന്‍ തയ്യാറാകാതെ വന്നതോടെ കോടതിയില്‍ പിഴ അടക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല.
പൊലീസ് മാന്യമായി പെരുമാറണമെന്ന് പറഞ്ഞ ഷംസുദ്ദീന്‍ ആയിരം രൂപ പിഴയടക്കാന്‍ നിയമമില്ലെന്നാണ് വാദിച്ചത്. തൊപ്പിയും യൂണിഫോമും അഴിച്ചുവച്ചാല്‍ മുട്ടുകാല്‍ തല്ലി ഒടിക്കുമെന്നും ഭീഷണി മുഴക്കി. യൂണിഫോം അഴിച്ചുവച്ച് ടൗണിലേക്ക് ഇറങ്ങി വരാനും ഷംസുദീന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. പൊലീസുകാരന്റെ പരാതിയില്‍ കല്പറ്റ പൊലീസ് ഷംസുദീനെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും ജോലി തടസപ്പെടുത്തിയതുമാണ് ഷംസുദ്ദീനെതിരെയുള്ള കേസ്.
Post Your Comments