തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിയാകാനുള്ള സമ്മതം കുമ്മനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു, നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
മുന്‍ എം.എല്‍.എയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ കെ. മോഹന്‍ കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേരത്തേ ധാരണയായിരുന്നതാണ്. മുന്‍ എംഎല്‍എ പീതാംബരക്കുറുപ്പിനെയാണ് ആദ്യം ഇവിടേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് കുറുപ്പിനെ മാറ്റി ഒടുവില്‍ മോഹന്‍ കുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. തന്റെ നോമിനിയായിരുന്ന പീതാംബരക്കുറുപ്പിനെ ഒഴിവാക്കി മോഹന്‍കുമാറിനെ കളത്തിലിറക്കിയതില്‍ മുന്‍ എംഎല്‍എ കെ മുരളീധരനും എതിര്‍പ്പില്ലെന്നാണ് സൂചന.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്താണ് എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്.നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ജില്ലാകമ്മിറ്റിയില്‍ ഭിന്നത ഉടലെടുത്തിരുന്നു. വട്ടിയൂര്‍കാവില്‍ പ്രശാന്ത് വേണ്ടെന്ന നിലപാട് ആയിരുന്നു ജില്ലാകമ്മറ്റിയെങ്കിലും ഒടുവില്‍ നറുക്ക് വീണത് പ്രശാന്തിനാണ്.
Post Your Comments