
കണ്ണൂര്‍: ചെറുപുഴ വയക്കരയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. പാടിയോട്ടു ചാലില്‍ ജോലി ചെയ്തിരുന്ന നജ്ബുലിനാണ് കഴിഞ്ഞ പതിമൂന്നാം തീയ്യതി പള്ളിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ഇതിന് പിന്നാലെ ബംഗാളിലേക്ക് അയച്ച ഇയാള്‍ ഇരുപത്തി ഒന്നിന് അവിടെ വച്ച് മരിക്കുകയായിരുന്നു. ക്രൂര മര്‍ദനമേറ്റതാണ് നജ്ബുളിന്റെ മരണത്തിന് കാരണമായതെന്ന് സഹോദരന്‍ പറയുന്നു.
പതിമൂന്നാം തീയതി വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെ ഇമാമിനെ ചോദ്യം ചെയ്തു എന്ന പേരിലാണ് പള്ളിയില്‍ വച്ച് നജ്ബുലിന് മര്‍ദനമേറ്റത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ നജ്ബുലിനെ പോലീസെത്തിയാണ് രക്ഷപെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ കേസ് എടുത്തിരുന്നില്ല. പകരം നജ്ബുലിനെ പള്ളിയോട് ചേര്‍ന്ന താമസ സ്ഥലത്ത് നിന്ന് മാറ്റാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. നജ്ബുലിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവം കഴിഞ്ഞയുടനെ തന്നെ നജ്ബുലിനെ നാടുകടത്തണമെന്ന ആഹ്വാനവുമായി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
”ഇവിടെ നിന്നും മാറ്റിത്തരാമെന്നാണ് എസ്‌ഐ സംസാരിച്ചത്. അവനിപ്പോഴും ഈ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ തുടരുന്നതായി കാണുന്നു. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവര്‍ അതിനെചിരെ പ്രതികരിക്കണം. അവനെ ഈ നാട്ടില്‍ നിന്നും നാടു കടത്തണം.”എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് രാത്രി തന്നെ നജ്ബുലിനെ ട്രെയിനില്‍ ബംഗാളിലേക്ക് അയച്ചു. നാട്ടിലെത്തിയതോടെ നജ്ബുലിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാകാതെ ഇരുപത്തി ഒന്നിന് നജ്ബുല്‍ മരണപ്പെട്ടു. സഹോദരനടക്കം നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇതിനെതിരെ പരാതി നല്‍കാനും ആരുമുണ്ടായില്ല.
മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നതെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ നാട്ടിലെത്തിയ ശേഷം നജ്ബുലിന് മര്‍ദ്ദനമേറ്റിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തങ്ങളെത്തി രക്ഷിച്ചപ്പോള്‍ പരിക്കുകളുണ്ടായിരുന്നില്ലെന്നും, എന്നാല്‍ നാട്ടില്‍ നിന്ന് ലഭിച്ച ഫോട്ടോയില്‍ മുഖത്ത് പരിക്കുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ നജ്ബുലിന് മാനസികപ്രശ്‌നം ഉണ്ടെന്നതടക്കമുള്ള എല്ലാ വാദങ്ങളും സഹോദരന്‍ നിഷേധിച്ചു.
Post Your Comments