ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയം വെച്ച് അമിതമായി മദ്യംകഴിച്ച അറുപതുകാരൻ രക്തം ഛര്‍ദിച്ച് മരിച്ചു. കര്‍ണാടകത്തിലെ ഹാസന്‍ സിഗരനഹള്ളിയിൽ നടന്ന സംഭവത്തിൽ പ്രദേശവാസിയായ തിമ്മേഗൗഡയാണ് മരിച്ചത്. ഒരേസമയത്ത് 90 മില്ലിലിറ്ററിന്റെ 10 പായ്ക്കറ്റ് മദ്യം കഴിക്കുമെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം തെളിയിച്ചാല്‍ കഴിക്കുന്നതിന്റെ ഇരട്ടി മദ്യം വാങ്ങിത്തരാമെന്ന് സുഹൃത്തുക്കൾ പന്തയം വെക്കുകയായിരുന്നു.
സുഹൃത്തുക്കളുടെ പന്തയം സ്വീകരിച്ച തിമ്മേഗൗഡ സമീപത്തെ വില്‍പ്പനശാലയില്‍ നിന്ന് മദ്യംവാങ്ങി വെള്ളമോ സോഡയോ ചേര്‍ക്കാതെ കുടിച്ചുതീര്‍ത്തു. തുടർന്ന്, ഇയാള്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികളെത്തി തിമ്മേഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിമ്മേഗൗഡയുടെ സുഹൃത്തുക്കളായ കൃഷ്ണഗൗഡ, ദേവരാജ് എന്നിവരുടെ പേരില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments