ഇസ്ലാമാബാദ്• കൊല്ലപ്പെട്ട പ്രമുഖ പാക് മോഡല്‍ ഖണ്ഡീല്‍ ബാലോചിന്റെ സഹോദരന് ജീവപര്യന്തം. ബാലോചിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ വിധിച്ച മുള്‍ട്ടാനിലെ കോടതി മറ്റു ആറു പ്രതികളെ വെറുതെ വിടുകയും ചെയ്തു.
2016 പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ വീട്ടില്‍ വച്ച് ബലോചിനെ വസീം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മുഫ്തി അബ്ദുൽ ഖവി, ഖണ്ടീൽ അസ്ലം ഷഹീൻ, ആരിഫ് എന്നിവര്‍ ഉള്‍പെടെ ആറ് പേരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്.
2016 ല്‍ വാസീമിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയപ്പോള്‍ മറ്റ് രണ്ട് മക്കളായ അസ്ലം, ആരിഫ് എന്നിവരും കൂട്ടാളികളാണെന്ന് ആരോപിച്ച് പിതാവ് മൊഹമ്മദ് അസിം ബലോച് രംഗത്ത് വന്നതോടെ കൊലപാതകക്കേസ് ശ്രദ്ധപിടിച്ചുപറ്റി.
സഹോദരിയെ മയക്കുമരുന്ന് നൽകി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വസീം പിന്നീട് ഒരു മജിസ്‌ട്രേറ്റിന് മുന്നിൽ സമ്മതിച്ചു.
എന്നാല്‍, ആഗസ്റ്റ് 21 ന്, തങ്ങളുടെ മക്കളോട് ക്ഷമിച്ചുവെന്ന് പറഞ്ഞ് ബാലോചിന്റെ മാതാപിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും, മക്കളെ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ദുരഭിമാനക്കൊല നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതി അതിന് വിസമ്മതിക്കുകയായിരുന്നു.
ഫൗസിയ അസീം എന്നാ പേരില്‍ ഖണ്ഡീൽ ബലോച് പാകിസ്ഥാനിലെ ആദ്യത്തെ സോഷ്യൽ മീഡിയ താരമായിരുന്നു. ധീരവും വിവാദപരവുമായ വീഡിയോയിലൂടെ വൈറലായി മാറിയ അവര്‍ക്ക് സോഷ്യൽ മീഡിയയിൽ എണ്ണമറ്റ അനുയായികളുണ്ടായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പാകിസ്ഥാനില്‍ ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട പത്തുപേരില്‍ ഒരാളാണ് ഖണ്ഡീൽ.
എല്ലാ വര്‍ഷവും പാകിസ്ഥാനില്‍ 1000 ലധികം സ്ത്രീകള്‍, തങ്ങളുടെ പുരുഷ ബന്ധുക്കള്‍ നടത്തുന്ന ‘ദുരഭിമാനക്കൊല’കളില്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
Post Your Comments