News

മാണി സി. കാപ്പന്റെ വിജയവും 1993ല്‍ ഇറങ്ങിയ ജനം എന്ന ചിത്രവും തമ്മിലുള്ള ബന്ധം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു

മാണി സി. കാപ്പന്റെ വിജയവും 1993ല്‍ ഇറങ്ങിയ ജനം എന്ന ചിത്രവും തമ്മിലുള്ള ബന്ധം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു . ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മാദ്ധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ‘ജനം’ എന്ന സിനിമയുടെ നിര്‍മ്മാതാവായാണ് മാണി സി കാപ്പന്റെ ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. ചിത്രം സംവിധാനം ചെയ്തത് വിജി തമ്പിയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അതില്‍ പ്രവര്‍ത്തിച്ച മിക്കവരും രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതാണ്. ..

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജന’ത്തിന്റെ നിര്‍മാതാവിനെ തുണച്ച് ജനം;
‘മാണി’ക്യം കൈവിടാതെ പാലാ

‘ജനം’ എന്ന സിനിമയുടെ നിര്‍മാതാവായാണ് മാണി സി കാപ്പന്റെ ചലച്ചിത്രരംഗത്തെ ശ്രദ്ധേയ അരങ്ങേറ്റം. ആ ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഒന്നോടിച്ചുനോക്കിയാല്‍ ചലച്ചിത്രമേഖലയില്‍നിന്ന് കേരള രാഷ്ട്രീയത്തില്‍ എത്തിയ ഒരുപറ്റം ആളുകളുടെ പേരുകള്‍ കാണാം. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരാള്‍പോലും രാഷ്ട്രീയത്തില്‍ അത്ര സജീവമായിരുന്നില്ലെന്നും ഓര്‍മിക്കണം.

ജനത്തിലെ നായകന്‍ മുരളി ആലപ്പുഴയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായി. (നായിക ഗീതയുടെ പേര് ഒരു രാഷ്ട്രീയവിവാദത്തില്‍ അറിഞ്ഞോ അറിയാതെയോ ഉള്‍പ്പെട്ടതും മറക്കുന്നില്ല).

അതിലെ മൂന്നു താരങ്ങള്‍ തമ്മില്‍ മല്‍സരിക്കുന്നതിനും കേരളം പിന്നീട് സാക്ഷ്യംവഹിച്ചു-പത്തനാപുരത്ത്- ഇടതുപക്ഷത്തിനായി ഗണേഷ്‌കുമാറും ഐക്യമുന്നണിക്കായി ജഗദീഷും ബിജെപിക്കായി ഭീമന്‍ രഘുവും. ഈ ചിത്രത്തില്‍ അഭിനയിച്ച കൊല്ലം തുളസിയും പിന്നീട് ബിജെപിയിലെത്തി.

ഗാനരചയിതാവ് ഒ.എന്‍. വി. കുറുപ്പ് തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്നു. മറ്റൊരു അഭിനേതാവ് കെപിഎസി ലളിതയുടെ പേര് രാഷ്ട്രീയത്തില്‍ അടുത്തകാലത്ത് സജീവമായി ഉയര്‍ന്ന പേരാണ്. വടക്കാഞ്ചേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്നു കരുതിയിരുന്നെങ്കിലും അവസാനനിമിഷമുണ്ടായ അട്ടിമറിയിലാണ് നടക്കാതെപോയത്. പക്ഷേ എല്‍ഡിഎഫിന്റെ താരപ്രചാരകരിലെ പ്രമുഖ മുഖമായിരുന്നു. സിദ്ദിഖിന്റെ പേര് എപ്പോഴോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടിരുന്നു.

ഈ ചിത്രത്തിന്റെ രചയിതാവ് സി. കെ. ജീവന്‍ 1996ല്‍ പാലായിലെ ഇടതുസ്വതന്ത്രനായിരുന്നു. കെ. എം. മാണിയുടെ രാഷ്ട്രീയപടയോട്ടത്തില്‍ ഏറ്റവും കൂടുതല്‍ ലീഡ് നേടിയ വര്‍ഷം. പിന്നീട് 2001ല്‍ മാണിസാറിനെ നേരിടാന്‍ നിയോഗിക്കപ്പെട്ട ഉഴവൂര്‍ വിജയനും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. പിന്നീടുള്ള മൂന്നു പൊതുതിരഞ്ഞെടുപ്പിലും കരിങ്ങോഴയ്ക്കല്‍ മാണി മാണിയെ നേരിട്ടത് മാണി ചെറിയാന്‍ കാപ്പനായിരുന്നു. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയംകുറിക്കാന്‍ ജനം കാപ്പന്‍കുടുംബത്തിലെ മാണിക്ക് അവസരം നല്‍കുന്നു.

ഇതെല്ലാം പറഞ്ഞുവച്ചത് ‘ജനം’ തന്നെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാന്‍കൂടിയാണ്. അല്ലെങ്കില്‍ പാലായില്‍ മാണി സി. കാപ്പന്‍ ജയിക്കില്ലായിരുന്നല്ലോ. ഇതു കേരള കോണ്‍ഗ്രസുകള്‍ക്കും ജോസ് കെ. മാണിക്കും ലോക്‌സഭാ വിജയത്തിന്റെ പ്രഭയില്‍ സിക്‌സറടിക്കുമെന്നു വീന്പിളക്കിയ കോണ്‍ഗ്രസിനുമൊക്കെയുള്ള ഷോക്കാണ്. ഉപതിരഞ്ഞെടുപ്പ് മേളയിലേക്ക് കേരളം കടക്കുന്‌പോള്‍ എല്‍ഡിഎഫിനായി തകര്‍പ്പന്‍ സ്മാഷിന് വഴിയൊരുക്കാനായതില്‍ ജിമ്മി ജോര്‍ജിന്റെ കാലഘട്ടത്തില്‍ വോളിതാരമായിരുന്ന മാണി സി. കാപ്പന് അഭിമാനിക്കാം.

ഏറെക്കാലംകൂടിയാണ് ഒരു രാഷ്ട്രീയകുറിപ്പ്. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട ഒരു എസ്റ്റേറ്റ്’ കഥകൂടി പങ്കുവയ്ക്കട്ടെ. ഇതു വ്യക്തിപരം. ജനത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്‌പോള്‍ ചങ്ങനാശേരി എസ്ബി കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് താരത്തെ തേടി തലസ്ഥാനത്തായിരുന്നു ഞാനും കോളജ് യൂണിയന്‍ സെക്രട്ടറിയായിരുന്ന നോബിള്‍ കാവാലവും. താരങ്ങളെ തേടിയുള്ള അന്വേഷണത്തില്‍ ഫോണ്‍ വിളിക്കാന്‍ കയറിയത് സെക്രട്ടേറിയറ്റിന് സമീപം ശിവന്‍സ് സ്റ്റുഡിയോയിലെ ബൂത്തില്‍. ‘മമ്മൂക്ക, ലാലേട്ടന്‍, പ്രിയന്‍.’ തുടങ്ങിയ ലൈനിലുള്ള ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം- തിരുവനന്തപുരം വിമന്‍സ് കോളജില്‍ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന വിവരം പങ്കുവച്ചു. ബന്ധപ്പെടേണ്ട നന്പരും തന്നു എന്നാണ് ഓര്‍മ. ഇയാളാരുവാ ഇതൊക്കെ തരാന്‍ എന്ന ജഗതി ശൈലിയില്‍ ആലോചിച്ച് അവിടെനിന്ന് ഇറങ്ങി പിറ്റേന്ന് രാവിലെ നേരെ പോയത് നിര്‍മാതാവ് മാണി സി. കാപ്പനെ കാണാനാണ്. കാര്യം അവതരിപ്പിച്ചു. അനുഭാവപൂര്‍വം കേട്ടു. വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. അദ്ദേഹം ഷൂട്ടിങ് സ്ഥലത്തേക്ക് ഇറങ്ങുന്നു- ഒപ്പം വരാന്‍ പറയുന്നു. ടാറ്റ എസ്റ്റേറ്റ് എന്ന വാഹനം രാജാവായി വാഴുന്ന കാലം. അതാ വരുന്നു ടാറ്റ എസ്റ്റേറ്റ്. ഒന്നല്ല, രണ്ടെണ്ണം. അന്പട കാപ്പാ എന്ന മട്ടില്‍ കണ്ണുമിഴിച്ച് നില്‍ക്കുന്‌പോള്‍ ആദ്യത്തേതില്‍ മാണി സി. കാപ്പന്‍ കയറുന്നു. പിന്നാലെയുള്ള എസ്റ്റേറ്റില്‍ ഞാനും നോബിളും മാത്രം. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കൂടിക്കാഴ്ചയും യാത്രയുമായി അതിപ്പോഴും മനസില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജഗദീഷിന്റെ സഹോദരിയായിരുന്നു വിമന്‍സ് കോളജിലെ പ്രിന്‍സിപ്പല്‍. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ജഗദീഷുമായി യൂണിയന്‍ ഉദ്ഘാടനകാര്യം ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍തന്നെ അവസരമൊരുക്കി. തീയതിയുടെ പ്രശ്‌നവും മറ്റുമായി ഞങ്ങളുടെ സ്വപ്നം നടന്നില്ല. എന്നാലും രണ്ടു കോളജ് പയ്യന്മാരെ വളരെ സ്‌നേഹത്തോടെ, സന്തോഷത്തോടെ, സ്വീകരിക്കുകയും ആഡംബര വാഹനത്തില്‍ കൊണ്ടുപോകുകയും ചെയ്ത്, അഭിമാനത്തോടെ മടക്കി അയച്ച അതേ മാണി സി. കാപ്പനാണ് ഇപ്പോള്‍ ‘ജന’ശക്തി തെളിയിച്ചതെന്നതും ആഹ്‌ളാദത്തോടെ ഓര്‍മിക്കുന്നു.

ഒറ്റക്കാര്യംകൂടി- അന്നു ശിവന്‍സ് സ്റ്റുഡിയോയലെ ബൂത്തില്‍നിന്ന് ഫോണ്‍ വിളിയുടെ പണം വാങ്ങുന്നതിനിടെ സിനിമാവിശേഷങ്ങള്‍ പങ്കുവച്ച് മാണി സി. കാപ്പനിലേക്ക് ഞങ്ങളെ എത്തിച്ച ആ വ്യക്തിത്വം ആരെന്ന് തിരിച്ചറിഞ്ഞത് ദേശീയ സിനിമാ അവാര്‍ഡുമായി ബന്ധപ്പെട്ട് അച്ചടിച്ചുവന്ന ഒരു ചിത്രം കണ്ടപ്പോഴാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ദേശീയമായ ഒരു ചമ്മല്‍ സംഭവിച്ചത്. യോദ്ധ ഇറങ്ങിയ ശേഷമായിരുന്നിട്ടുകൂടി സംഗീത്- സന്തോഷ് ശിവന്മാരുടെ ചിത്രം മനസില്‍ പതിയാതിരുന്നതിന്റെ പ്രശ്‌നം. സിനിമാലോകവുമായി ബന്ധപ്പെട്ട മറ്റൊരു ചമ്മല്‍കൂടി ഉണ്ടായിട്ടുണ്ട്. അക്കഥ പിന്നിടൊരിക്കല്‍ പങ്കുവയ്ക്കാം. എന്തായാലും പാലായുടെ പുതിയ ‘മാണി’ക്യത്തിന് അഭിവാദ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button