പ്രമുഖ സെര്‍ച്ച് എന്‍ജിന്‍ ആപ്പായ ഗൂഗിളിന് ഇന്ന് 21-ാം ജന്മദിനം. പ്രത്യേക ഡൂഡില്‍ ആര്‍ട്ടിലൂടെയാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ബോക്‌സ് കമ്പ്യൂട്ടറില്‍ ഗൂഗിളിന്റെ ബ്രൗസറോട് കൂടിയ ചിത്രമാണ് ഗൂഗിള്‍ ജന്മദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. 27-9-98 എന്ന തീയതിയും ഇതിനോടൊപ്പം അടയാളപ്പെടുത്തിയിട്ടുണ്ട്.
1998 -ലാണ് ഗൂഗിളിന്റെ ജന്മം. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കുന്നത്. എന്നാല്‍ ഗൂഗില്‍ എന്ന പേരിനുപിന്നില്‍ ഒരു കഥയുണ്ട്. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍ നിന്നാണ് ഗൂഗിള്‍ എന്ന പദം പിറവിയെടുക്കുന്നത്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗള്‍(googol) എന്ന പദം സെര്‍ച്ച് എന്‍ജിന് പേരായി നല്‍കാനായിരുന്നു സ്ഥാപകരുടെ ശ്രമം. എന്നാല്‍ അക്ഷരപ്പിശകുമൂലം അത് ഗൂഗിളായി.
അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്‌നറുടെ അനന്തരവന്‍ ഒന്‍പതു വയസുകാരനായ മില്‍ട്ടണ്‍ സൈറോറ്റയാണ് 1938ല്‍ ആദ്യമായി ഗൂഗള്‍ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിനു പേരായി നല്‍കാം എന്നായിരുന്നു ഗൂഗിളിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചിന്തിച്ചിരുന്നത്. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ഈ സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും എന്ന സന്ദേശമായിരുന്നു ഇതിലൂടെ അവര്‍ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിച്ചതും. എന്നാല്‍ അവര്‍ പേര് എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിള്‍(google) ആയി മാറി.
Post Your Comments