കൊച്ചി: തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വ്യാഴാഴ്ച രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന് വിച്ഛേദിച്ചത്. ഇന്നുതന്നെ നാലു ഫ്ലാറ്റുകളിലെ ജലവിതരണവും വിച്ഛേദിക്കാന്‍ വാട്ടര്‍ അഥോറിറ്റിക്കും നഗരസഭ കത്തു നല്‍കിയിട്ടുണ്ട്. ഫ്ലാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഫ്ളാറ്റുകളില്‍ നോട്ടീസ് പതിച്ചിരുന്നു. ഫ്ളാറ്റ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയാറാകാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചുമരില്‍ പതിക്കുകയായിരുന്നു.
അതെ സമയം വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍വിളക്കു കത്തിച്ച് താമസം തുടരുമെന്നും സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്നുമാണ് ഉടമകളുടെ വാദം. സര്‍ക്കാരും നിര്‍മാതാക്കളും ചേര്‍ന്ന് തങ്ങളെ കബളിപ്പിക്കുകയാണെന്നും അവര്‍ പറയുന്നു. ഫ്ളാറ്റുകളുടെ വിദേശത്തുള്ള ഉടമകളും ഇന്ന് മരടിലെത്തുമെന്നാണു വിവരം.
Post Your Comments