KeralaLatest NewsNews

പഠിച്ച പണി പതിനെട്ടും നോക്കി; ഒടുവില്‍ പിറവം പള്ളിയുടെ പൂട്ട് തകര്‍ക്കാന്‍ ഫയര്‍ ഫോഴ്‌സ് അവലംബിച്ചത് ഈ മാര്‍ഗം

പിറവം: യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിനൊടുവില്‍, യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കകത്തു കയറി നിലയുറപ്പിച്ചതോടെ പോലിസിന് മുന്നില്‍ പ്രതിബന്ധം സൃഷ്ടിച്ചത് പൂട്ടിയിട്ടിരുന്ന കൂറ്റന്‍ ഇരുമ്പ് ഗേറ്റായിരുന്നു. ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ പോലീസ് ഫയര്‍ ഫോഴ്സിനെ വിളിച്ചു വരുത്തി. ഗേറ്റിന്റെ പൂട്ടുപൊളിക്കാനുള്ള പരമ്പരാഗത മാര്‍ഗങ്ങള്‍ ഫലിക്കാതെ വന്നതോടെ ഒടുവില്‍ ഹൈടെക്ക് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ തന്നെ അഗ്നിശമന സേന തീരുമാനിച്ചു. ഈയടുത്ത കാലത്ത് സേനയുടെ ഭാഗമായ ഹൈഡ്രോളിക്ക് കട്ടര്‍ ആണ് പൂട്ടുപൊളിക്കാനായി ഇവര്‍ ഉപയോഗിച്ചത്.

ആധുനിക ഉപകരണങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടിയിരുന്ന ഫയര്‍ഫോഴ്സിന് കഴിഞ്ഞ പ്രളയകാലത്തിന് ശേഷമാണ് സര്‍ക്കാര്‍ ഹൈഡ്രോളിക് കട്ടര്‍ പോലുള്ള ആധുനിക ‘ഹൈ പവര്‍’ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് അനുവദിച്ചു നല്‍കുന്നത്. ഈ ഉപകരണം ഉപയോഗപ്പെടുത്തേണ്ടി വരുന്ന ആദ്യത്തെ വിവാദപ്രശ്‌നമാണ് അഗ്‌നിശമന സേനയ്ക്ക് പിറവം പള്ളിത്തര്‍ക്കം. എത്ര ബലമുള്ള പൂട്ടും നിഷ്പ്രയാസം പൊളിച്ചു നീക്കാമെന്നതാണ് ഹൈഡ്രോളിക് കട്ടറുകളുടെ പ്രത്യേകത. വാഹനങ്ങളുടെ ടയറുകളും മറ്റും മാറ്റാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്കുകളുടെ അതേ പ്രവര്‍ത്തന രീതിയാണ് ഹൈഡ്രോളിക് കട്ടറുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

അതേസമയം പൂട്ട് പോളിച്ച് അകത്തുകയറിയ പോലീസ് പള്ളിക്കുള്ളില്‍ പ്രതിഷേധം നടത്തിയിരുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റി. പള്ളിയില്‍ നിന്നും മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും മാറ്റണമെന്നും ഉത്തരവ് നടപ്പാക്കി അറിയിക്കണമെന്നും കര്‍ശനമായി നിര്‍ദേശിച്ച് കൊണ്ട് കോടതി അനുവദിച്ച സമയ പരിധി കഴിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് പ്രവേശിച്ചത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വൈദികരടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button